ആരോഗ്യ മേഖലയിലെ സമഗ്രമാറ്റം ലക്ഷ്യം: കെ.കെ. ശൈലജ
കൂത്തുപറമ്പ്: ആരോഗ്യ മേഖലയില്‍ സമഗ്രമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കൂത്തുപറമ്ബ് താലൂക്ക് ആശുപത്രി നവീകരണത്തിന്റെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സി.എസ്.ആര്‍. ഫണ്ടായ 1.25 കോടി രൂപ ഉപയോഗിച്ച് നവീകരിച്ച അത്യാഹിത വിഭാഗം, ഫാര്‍മസി, ലാബ് എന്നിവയും നഗരസഭാ ഫണ്ട് ഉപയോഗിച്ചുള്ള ലേബര്‍ റൂം, ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കൂത്തുപറമ്ബ് നഗരസഭാ ജീവനം കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ സഹായത്തോടെ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ആരംഭിച്ച രണ്ടാമത് ഷിഫ്റ്റ് കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ എം.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബി.പി.സി.എല്‍. കണ്ണൂര്‍ സെയില്‍സ് മാനേജര്‍ അരവിന്ദന്‍ വിശിഷ്ടാതിഥിയായി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം.കെ.ഷാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.പി.എം. ഡോ. കെ.വി.ലതീഷ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എം.പി.മറിയംബീവി, ആസ്പത്രി സൂപ്രണ്ട് ഡോ. എം.പി.ജീജ, വി.രാമകൃഷ്ണന്‍, ടി.ലതേഷ്, കെ.കെ.സജിത്ത് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സൗകര്യങ്ങള്‍
പഴയ ഒ.പി. ബ്ലോക്കിലാണ് അത്യാഹിത വിഭാഗം, ഫാര്‍മസി, ലാബ് എന്നിവ സ്ഥാപിച്ചിട്ടുള്ളത്. നവീകരിച്ച ലാബില്‍ തൈറോയിഡ് പരിശോധനയ്ക്കുള്ള ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചു. പൂര്‍ണമായും ശീതീകരിച്ച ഫാര്‍മസിയാണ് സജ്ജമാക്കിയിട്ടുള്ളത്. രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മരുന്ന് വിതരണത്തിന് നാല് കൗണ്ടറുകളാണുള്ളത്. 20 കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാനും തയ്യാറാക്കി.
0 Comments