മാഹിയില്‍ വാതക ടാങ്കര്‍ലോറി നടപ്പാതയില്‍ ഇടിച്ചുകയറി
മയ്യഴി: ദേശീയപാതയില്‍ മാഹി സിവില്‍സ്റ്റേഷന്‍ പരിസരത്തെ കയറ്റത്തില്‍ വാതകടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് നടപ്പാതയില്‍ ഇടിച്ചുകയറി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ബ്രേക്ക് തകരാറായതിനെത്തുടര്‍ന്ന് പിറകോട്ടുപോയ ലോറി പിന്നിലുള്ള വാഹനങ്ങളില്‍ ഇടിക്കുന്നതൊഴിവാക്കാന്‍ ഡ്രൈവര്‍ ഇടതുഭാഗത്തെ നടപ്പാതയിലേക്ക് ഇടിച്ചുനിര്‍ത്തുകയായിരുന്നു. നടപ്പാതയിലെ കൈവരികള്‍ തകര്‍ന്നു. ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
മാഹി പാലത്തിനുസമീപം കെ.ടി.സി. കവലയിലെ ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും പോലീസ് സ്റ്റേഷനുമുമ്ബിലെ റോഡിലൂടെ തിരിച്ചുവിട്ടിരുന്നു. ഇതോടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ വീതികുറഞ്ഞ വളവും കയറ്റവുമുള്ള റോഡില്‍ കുടുങ്ങി. ഇതിനിടെയാണ് ടാങ്കര്‍ലോറി അപകടത്തില്‍പ്പെട്ടത്.
അരമണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു വലിയ ചരക്ക് ലോറിയും ഇതേസ്ഥലത്ത് നിയന്ത്രണംവിട്ടു. പിറകോട്ട് നീങ്ങിയ ലോറി മരക്കട്ടയും മറ്റുമിട്ട് നിര്‍ത്തിക്കുകയായിരുന്നു. ഇതോടെ ദേശീയപാതയില്‍ ഗതാഗത കുരുക്ക് ഇരട്ടിച്ചു. വടകര ഭാഗത്ത് അഴിയൂര്‍ കുഞ്ഞിപ്പള്ളി വരെയും തലശ്ശേരി ഭാഗത്ത് പുന്നോല്‍ മാക്കൂട്ടം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
വൈകുന്നേരത്തോടെ ജെ.സി.ബി. ഉപയോഗിച്ച് ടാങ്കര്‍ലോറി നടപ്പാതയില്‍നിന്ന് റോഡിലേക്ക് നീക്കി കോഴിക്കോട്ടേക്ക് പോയെങ്കിലും ഗതാഗതതടസ്സം രാത്രിയിലും തുടര്‍ന്നു.
0 Comments