കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി വികസനക്കുതിപ്പിലേക്ക്

കൂത്തുപറമ്പ്: ആദ്യഘട്ട നവീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കൂത്തുപറമ്ബ് താലൂക്ക് ആസ്പത്രി വികസന കുതിപ്പിലേക്ക്. ഭാരത്‌പെട്രോളിയം കോര്‍പ്പറേഷന്‍, കൂത്തുപറമ്ബ് നഗരസഭ, പൊതുജനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി സമാഹരിച്ച രണ്ടുകോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ആസ്പത്രിയില്‍ നടത്തിയത്.

നവീകരിച്ച അത്യാഹിത വിഭാഗം, ഫാര്‍മസി, ലാബ്, ലേബര്‍ റൂം എന്നിവ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാമത്തെ ഷിഫ്റ്റ് കെ.മുരളീധരന്‍ എം.പി.യും ഉദ്ഘാടനം ചെയ്യും.

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ പൊതുനന്മാ ഫണ്ടില്‍ നിന്നുള്ള ഒരു 1.25 കോടി രൂപയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടലിലൂടെ ആസ്പത്രിക്ക് ലഭിച്ചത്. ഇതില്‍ 25 ലക്ഷം രൂപ ചെലവഴിച്ച്‌ വാങ്ങിയ തൈറോയ്ഡ് പരിശോധനയ്ക്കുള്ള ഹോര്‍മോണ്‍ അനലൈസറിലൂടെ ചെലവേറിയ പരിശോധന സൗജന്യ നിരക്കിലൂടെ രോഗികള്‍ക്ക് ലഭ്യമാകും. നിലവിലുള്ള ഒ.പി. ബ്ളോക്ക് കെട്ടിടം നവീകരിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം നവീകരിച്ച കെട്ടിടത്തിലേക്ക്‌ മാറ്റി. വിശാലമായ ഫാര്‍മസി, കൂടുതല്‍ സൗകര്യത്തോടെയുള്ള ലബോറട്ടറി എന്നിവയും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഒരു കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്.

നവീകരണത്തിന്റെ ഭാഗമായി ആസ്പത്രി കോമ്ബൗണ്ട് ഇന്റര്‍ലോക്ക് ചെയ്ത് പുതിയ പ്രവേശന കവാടവും സ്ഥാപിച്ചു. നഗരസഭയുടെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി 26 ലക്ഷം രൂപ ചെലഴവിച്ച്‌ ലേബര്‍റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ നവീകരിച്ചു. എന്‍.ഐ.സി. കൂടി സ്ഥാപിച്ചാല്‍ ലേബര്‍ റൂം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. നഗരസഭ ജീവനം കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി രൂപവത്കരിച്ച്‌ സമാഹരിച്ച 45 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാമത്തെ ഷിഫ്റ്റ് തുടങ്ങിയത്. 20 രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നവീകരണത്തിന്റെ ഭാഗമായി സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ നിരവധി രോഗികളാണിപ്പോള്‍ കൂത്തുപറമ്ബ് താലൂക്ക് ആസ്പത്രിയെ ആശ്രയിക്കുന്നത്. നേരത്തെ ശരാശരി 800-ഓളം രോഗികള്‍ എത്തിയിടത്തിപ്പോള്‍ 1500 പേരെത്തുന്നുണ്ട്. കിടത്തി ചികിത്സയ്ക്കായെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെ ഏക താലൂക്കാസ്പത്രിയുടെ വികസനത്തിന് ഒട്ടേറെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. 20 കോടിയോളം രൂപ മുടക്കി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മലയോരമേഖലയില്‍ നിന്നടക്കമുള്ള നിരവധി രോഗികളുടെ ആശ്രയകേന്ദ്രമായി കൂത്തുപറമ്ബ് താലൂക്ക് ആസ്പത്രി മാറും.

നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍, ആസ്പത്രി സൂപ്രണ്ട് ഡോ. എം.പി.ജീജ, നഗരസഭാ വൈസ്‌ ചെയര്‍പേഴ്‌സണ്‍ എം.പി.മറിയംബീവി, ആരോഗ്യ സ്ഥിരംസമിതിയധ്യക്ഷന്‍ വി.രാമകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.