ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നാളെ
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 01)രാവിലെ 10 മണിക്ക് പിണറായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ രാജീവന്‍ ഉദ്ഘാടനം ചെയ്യും. പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രദീപന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം. ജ്യോതി ദിനാചരണ സന്ദേശം നല്‍കും.
രക്തം ദാനം ചെയ്യൂ, ജീവിതത്തിലൊരിക്കലെങ്കിലും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
തുടര്‍ന്ന് ബോധവല്‍ക്കരണ സെമിനാറും ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നേതൃത്വ ത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പും നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ ടിബി സെന്റര്‍, ജില്ലാ ആശുപത്രി രക്തബാങ്ക്, പിണറായി സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സന്നദ്ധരക്തദാനം വഴി നൂറുശതമാനവും രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജനുവരി മുതല്‍ സപ്തംബര്‍ വരെ ജില്ലയിലെ നാല് സര്‍ക്കാര്‍ രക്തബാങ്കുകള്‍ വഴി 16550 യൂണിറ്റ് രക്തം ശേഖരിച്ചു. ശേഖരിച്ച രക്തം വിവിധ ഘടകങ്ങളാക്കി രോഗികള്‍ക്ക് നല്‍കുന്നത് വഴി 23849 പേര്‍ക്ക് രക്തമോ രക്ത ഘടകമോ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
0 Comments