എം.പി.ക്കുമുന്നില്‍ കണ്ണൂരിന്റെ  ആവശ്യങ്ങളുമായി ചേംബര്‍

കണ്ണൂര്‍: കൊച്ചിയെയും കോഴിക്കോടിനെയും അപേക്ഷിച്ച്‌ വികസനകാര്യത്തില്‍ വളരെ പിറകിലായ കണ്ണൂരിന്റെ മുഖംമാറ്റാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കണമെന്ന് വ്യാപാരിവ്യവസായിസമൂഹം കെ.സുധാകരന്‍ എം.പി.യോട് അഭ്യര്‍ഥിച്ചു.

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ ചേംബര്‍ ഹാളില്‍ എം.പി.യുമായി നടന്ന മുഖാമുഖത്തിലാണ് വിവിധ വിഷയങ്ങള്‍ പ്രതിനിധികള്‍ കെ.സുധാകരനുമുന്നില്‍ അവതരിപ്പിച്ചത്.

രാജ്യത്തിന്റെ സാമ്ബത്തികപ്രതിസന്ധിയും മാന്ദ്യവും വികസനത്തെയും വളര്‍ച്ചയെയും ബാധിച്ചതായി എം.പി. പറഞ്ഞു. പദ്ധതികള്‍ പലതും പ്രാവര്‍ത്തികമാക്കാനുണ്ടെങ്കിലും പണം ഒരു വലിയ പ്രശ്നമായിമാറുന്നു. കണ്ണൂര്‍ വിമാനത്താവളം വന്നെങ്കിലും വിദേശവിമാനങ്ങളില്ല. മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.

അഴീക്കല്‍ തുറമുഖം എത്രയുംപെട്ടെന്നുതന്നെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും. തോട്ടട ഇ.എസ്.ഐ. ആസ്പത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയാക്കി ഉയര്‍ത്താനുള്ള പ്രവര്‍ത്തനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ പ്ലൈവുഡ് ടെക്സ്റ്റയില്‍ ലാബ് വേണമെന്നായിരുന്നു പ്ലൈവുഡ്‌ വ്യാപാരികളുടെ ആവശ്യം. നിര്‍മാണമേഖലയിലെ സാധനങ്ങള്‍ക്ക് ജി.എസ്.ടി.യില്‍ കുറവുവരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. 2009-ല്‍ വാഗ്ദാനംചെയ്ത പുതിയ പെട്രോളിയം ഡിപ്പോ തുടങ്ങിയില്ല. കണ്ടങ്കാളി എണ്ണസംഭരണശാല ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തെക്കുറിച്ചും ചര്‍ച്ചയുണ്ടായി. നാലാം പ്ലാറ്റ്‌ഫോമിനൊപ്പം ഒരു ബേ പ്ലാറ്റുഫോമിന് രൂപംകൊടുക്കണം. നിര്‍ദിഷ്ട ഫ്ളൈ ഓവര്‍ താണവരെ നീട്ടണം. മംഗളൂരുവില്‍നിന്ന് തുടങ്ങുന്ന റോറോ സൗകര്യം കൊച്ചിവരെ നീട്ടിയാല്‍ റോഡുകളിലെ തിരക്ക് കുറയുന്നതോടൊപ്പം വ്യാപാരിവ്യവസായികള്‍ക്ക് സാമ്ബത്തികനേട്ടവും ഉണ്ടാവും. കുട്ടികളുടെ തൊഴില്‍ നൈപുണി വളര്‍ത്താന്‍ കണ്ണൂരില്‍ സ്കില്‍പാര്‍ക്ക് വേണമെന്നായിരുന്നു മറ്റൊരാവശ്യം.

കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് പുട്ടപര്‍ത്തിവരെ നീട്ടിയാല്‍ ഭക്തര്‍ക്കുമാത്രമല്ല സത്യസായി ആസ്പത്രിയിലേക്ക് പോകുന്ന ഹൃദ്രോഗികള്‍ക്കും ഗുണമുണ്ടാവും. യശ്വന്ത്പുരില്‍ തീവണ്ടി 12 മണിക്കൂര്‍വരെ വെറുതെയിടുകയാണ്. അവിടെനിന്ന് മൂന്നരമണിക്കൂര്‍മാത്രമെ ധര്‍മവാരത്തേക്കുള്ളൂ. കൂട്ടുപുഴവരെയെത്തുന്ന കര്‍ണാകയുടെ മിനിബസ്സിന് ഇരിട്ടിയിലേക്ക് വരാന്‍ അനുവാദംകൊടുക്കാത്തത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് പരിഹാരമുണ്ടാവണം. രാത്രി വൈകിയോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ റെയില്‍വേ സ്റ്റേഷന്‍വഴി പോയാല്‍ തീവണ്ടിയാത്രക്കാര്‍ക്ക് ഗുണമാകുമെന്നും ചൂണ്ടിക്കാട്ടി.

ചേംബര്‍ പ്രസിഡന്റ് വിനോദ്‌ നാരായണന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടന്‍, പുനത്തില്‍ ഷമീം, കെ.വി.അനീഷ് എന്നിവര്‍ സംസാരിച്ചു. ചേംബര്‍ മുന്‍ പ്രസിഡന്റ് മഹേഷ് ചന്ദ്രബാലിഗ, സി.വി.ദീപക്, മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.പി.വിനോദ്, പ്ലൈവുഡ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.വാസുദേവന്‍, കേരള ടെക്സ്റ്റയില്‍ എക്സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ.ടി.രാമകൃഷ്ണന്‍, കെ.ഹരീന്ദ്രന്‍, പി.എസ്.ഷാഹിന്‍, ഇബ്രാഹിം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.