എ.ബി.സി. പദ്ധതിയില്‍ വന്ധ്യംകരണം നടത്തിയത് 7,000 നായ്ക്കളെമാത്രം
പാപ്പിനിശ്ശേരി: തെരുവുനായ്ക്കള്‍ പെരുകുന്നത് നിയന്ത്രിക്കാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയിലൂടെ ഇതുവരെ വന്ധ്യംകരണം നടത്തിയത് 7,000 എണ്ണത്തെമാത്രം. മൂന്നുവര്‍ഷത്തിനിടെ പാപ്പിനിശ്ശേരിയില്‍ എ.ബി.സി. പദ്ധതി പ്രകാരം ശസ്ത്രക്രിയനടത്തി പുറത്തുവിട്ടവയാണിവ. 2012-ലെ സെന്‍സസ് പ്രകാരം 47,000 തെരുവുനായ്ക്കള്‍ ജില്ലയിലുണ്ടെന്ന് ജില്ലാ ആനിമല്‍ ഹസ്ബന്ററി ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ്ബാബു പറഞ്ഞു. ഏഴുവര്‍ഷത്തിനിടയില്‍ ഇവയുടെ എണ്ണം ക്രമാതീമായി ഉയര്‍ന്നിട്ടുണ്ട്.
കല്യാശ്ശേരി, പാപ്പിനിശ്ശേരി, മയ്യില്‍, വളപട്ടണം, അഴീക്കോട് അടക്കമുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാള്‍ക്കുനാള്‍ തെരുവുനായ്ക്കള്‍ പെറ്റുപെരുകുകയാണ്. പലയിടങ്ങളിലും ആളുകള്‍ക്ക് കടിയേല്‍ക്കുന്നത് നിത്യസംഭവമായി. എ.ബി.സി. പദ്ധതി ലക്ഷ്യമിട്ടരീതിയില്‍ മുന്നോട്ടുപോകാത്തത് ഇവയുടെ പെരുപ്പത്തിന് കാരണമായി. ഇപ്പോള്‍ പാപ്പിനിശ്ശേരിയില്‍ നടക്കുന്ന വന്ധ്യംകരണ പദ്ധതി ഓഗസ്റ്റ് ഒന്‍പതുമുതല്‍ നിലച്ചിരിക്കയാണ്. നിയമിച്ച വെറ്ററിനറി സര്‍ജന്റെയും തൊഴിലാളികളുടെയും കാലാവധി കഴിഞ്ഞതിനുശേഷം പുതിയ നിയമനം നടന്നിട്ടില്ല. നിയമനനടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.
ജില്ലയില്‍ പാപ്പിനിശ്ശേരിക്കുപുറമെ പടിയൂര്‍, കോപ്പാലം എന്നിവിടങ്ങളിലും നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയാക്യാമ്ബുകള്‍ ഉടന്‍ തുടങ്ങുമെന്ന് പലവട്ടം അധികൃതര്‍ പറഞ്ഞിരുന്നു. അവയ്ക്കെല്ലാം ഇനിയും അനുമതി ലഭിച്ചിട്ടില്ല.
0 Comments