ഉളിക്കലിലെ ഗതാഗതപരിഷ്കരണം പാളുന്നു
ഉളിക്കല്‍: ഉളിക്കലില്‍ ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കാരം താളംതെറ്റി. പഞ്ചായത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പരിഷ്കരണനടപടികള്‍ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് ആരംഭിച്ചത്. ഇതിന്റെ മുന്നോടിയായി ടൗണിലെ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ ടിപ്പര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിന് കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനമായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോകുന്ന ബസ്സുകള്‍ക്കെതിരേ നടപടിയെടുക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.
കോവിലകം റോഡുവഴി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും നടപ്പായില്ല. വീതി കുറവായ ഈ റൂട്ടില്‍ വണ്‍വേ സംവിധാനം പൊളിഞ്ഞതോടെ ഗതാഗതസ്തംഭനവും പതിവായി. ടാക്സി വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കുചെയ്യുന്നത് വ്യാപാരസ്ഥാപനങ്ങളെ ബാധിച്ചു. ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിന് ബസ്സുകള്‍ക്ക് പ്രയാസംനേരിടുന്നു. ഓട്ടോ റിക്ഷകള്‍ക്ക് പാര്‍ക്കുചെയ്യുന്നത് മാട്ടറ റോഡിലും പ്രധാന പാതയുടെ വശങ്ങളിലുമാണ്.
ടൗണ്‍ കവലയില്‍ ട്രാഫിക് ബാരിക്കേഡുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വയത്തൂര്‍, നുച്യാട്, മണിക്കടവ്, ഇരിട്ടി ഭാഗത്തേക്ക് കടന്നുപോകാന്‍ വാഹനങ്ങള്‍ സംഗമിക്കുന്ന കവലയില്‍ ടാര്‍ വീപ്പ വെച്ചാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. ഇവിടെ രാത്രിയില്‍ വെളിച്ചം തീരെ കുറവാണ്. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായില്ല. വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിന് ഒരു സംവിധാനവും ഉളിക്കലില്ല. റോഡരികിലും സ്വകാര്യ വ്യക്തികളുടെ പറമ്ബിലുമാണ് ഇപ്പോള്‍ പാര്‍ക്കുചെയ്യുന്നത്. ടൗണിലൂടെ കടന്നുപോകുന്ന റോഡിന് വീതി തീരെ കുറവാണ്.
ഇരിട്ടി-ഉളിക്കല്‍ റോഡ് 12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കിയെങ്കിലും ഫയലിലുറങ്ങുകയാണ്. റോഡിന് ഇരുവശവും നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ മിക്കതും പൊട്ടിത്തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായി. ടൗണില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ച ഗതാഗതപരിഷ്കാരം ഫലപ്രദമായനിലയില്‍ നടപ്പാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
0 Comments