'ഊരുണർവ്വ്' പദ്ധതിക്ക് കേളകം ഗ്രാമ പഞ്ചായത്തിൽ ആവേശത്തുടക്കം
കേളകം ഗ്രാമ പഞ്ചായത്തിൽ വിമുക്തി ഊരുണർവ്വ് പദ്ധതിക്ക് അടക്കാത്തോട് വാളുമുക്ക് കോളനിയിൽ തുടക്കമായി. വാർഡ് മെമ്പർ വി.ടി.തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജൻ അടുക്കോലിൽ വിമുക്തി ബോധവൽക്കരണ ഫലകം അനാച്ഛാദനം ചെയ്ത് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ടാം വാർഡ് മെമ്പർ തോമസ് കണിയാംഞാലിൽ ഉദ്യോഗാർത്ഥി കെ.ബി.എബിന് പി.എസ്.സി.ബുള്ളറ്റിൻ കൈമാറി. എക്‌സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് പി.എസ്.സി രജിസ്ട്രേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ കെ.ജി.യശോധരൻ, സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ, അംഗൻവാടി ടീച്ചർ കെ.കെ.ശോഭന എന്നിവർ പ്രസംഗിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫിസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, എ.എം.ബിനീഷ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് ഹ്രസ്വചിത്ര പ്രദർശനം, ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി.
പദ്ധതിയുടെ ഭാഗമായി കോളനിയിലെ അഭ്യസ്ത വിദ്യരായ മുഴുവൻ യുവാക്കൾക്കും സൗജന്യമായി പി.എസ്.സി രജിസ്ട്രേഷൻ ചെയ്തു കൊടുക്കും. കോളനിയിൽ വർഷം മുഴുവൻ പി.എസ്.സി.ബുള്ളറ്റിൻ എത്തിക്കും. കുടുംബശ്രീ ട്രൈബൽ മിഷനുമായി സഹകരിച്ച് കൊട്ടിയൂർ ടാഗോർ വിദ്യാനികേതനിൽ നടത്തുന്ന സൗജന്യ പി.എസ്.സി. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം ലഭിക്കും.
പേരാവൂർ എക്സൈസും പഞ്ചായത്ത് വിമുക്തി മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേളകം പഞ്ചായത്തിലെ വളയഞ്ചാൽ, പെരുന്താനം, ഇല്ലിമുക്ക്, ഐടിസി, നാനാനിപൊയിൽ, ശാന്തിഗിരി കോളനികളിലും ഊരുണർവ്വ് പരിപാടി സംഘടിപ്പിക്കും
0 Comments