കരനെല്‍ കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് പായം ഗ്രാമപഞ്ചായത്ത്
വിളവെടുപ്പ് ഉദ്ഘാടനം നാളെ
പായത്തെ കുന്നിന്‍ മുകളിലും വഴിയരികുകളിലും കതിരിട്ട് നില്‍ക്കുന്ന നെല്ല് ആരിലും വിസ്മയം തീര്‍ക്കുന്ന കാഴ്ചയാണ്. തരിശ് രഹിത പഞ്ചായത്ത് എന്ന ആശയത്തില്‍ ആരംഭിച്ച ജൈവ കരനെല്‍ കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് പായം ഗ്രാമ പഞ്ചായത്ത്. 250 ഏക്കറിലാണ് ഇവിടെ കരനെല്‍ കൃഷി വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കരനെല്‍കൃഷി ചെയ്യുന്ന പഞ്ചായത്തുകളിലൊന്നാണ് പായം. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പഞ്ചായത്തില്‍ കരനെല്‍കൃഷി ചെയ്തുവരുന്നത്.
ആദ്യഘട്ടത്തില്‍ 76 ഏക്കറില്‍ ആരംഭിച്ച നെല്‍കൃഷിയാണ് ഈ വര്‍ഷം 250 ഏക്കറിലേക്ക് വ്യാപിപ്പിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും തരിശ് നിലങ്ങള്‍ കണ്ടെത്തിയാണ് കൃഷിയിറക്കിയിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സഹകരണത്തെടെയാണ് കൃഷി ജോലികള്‍. അഞ്ച് മുതല്‍ പത്ത് വരെ അംഗങ്ങളുള്ള 143 ജെ എല്‍ ജി ഗ്രൂപ്പുകളാണ് ഇതിനായി പഞ്ചായത്തില്‍ രൂപീകരിച്ചത്. ആയിരത്തിലധികം സ്ത്രീകള്‍ അംഗങ്ങളായിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് കരനെല്‍കൃഷിക്കാവശ്യമായ നിലമൊരുക്കിയത്. പഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തി കൃഷി ഭവന്‍ മുഖേന കൃഷിക്കാവശ്യമായ വിത്തും വളവും നല്‍കി. അത്യുല്‍പ്പാദന ശേഷിയുള്ള ശ്രേയസ്, വൈശാഖ് എന്നീ ഇനങ്ങളില്‍പ്പെട്ട നെല്ലിനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ജൂണ്‍ ആദ്യവാരമാണ് വിത്ത് വിതച്ചത്.
കരനെല്‍കൃഷി കൂടാതെ ജൈവ പച്ചക്കറി, ചേന, ചേമ്പ്, ഞാലിപ്പൂവന്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികളും പഞ്ചായത്തില്‍ ചെയ്തുവരുന്നു. പ്രളയത്തെ അതിജീവിച്ചാണ് കരനെല്‍കൃഷി വിളവെടുപ്പിനൊരുങ്ങിയിരിക്കുന്നതെന്നും കൃഷിയിലൂടെ മണ്ണൊലിപ്പ് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കരനെല്‍കൃഷിയിലൂടെ ലഭിച്ച നെല്ല് ജെ എല്‍ ജി ഗ്രൂപ്പ് അംഗങ്ങള്‍ വീതിച്ചെടുക്കുകയായിരുന്നു. ഇത്തവണ ഇവരില്‍ നിന്നും നെല്ല് വില കൊടുത്ത് വാങ്ങാനാണ് പഞ്ചായത്തിന്റെ തീരുമാനം. ശേഷം പായം റൈസ് മില്ലില്‍ നിന്നും കുത്തി അരിയാക്കി പായം ബ്രാന്‍ഡില്‍ വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിളവെടുപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ (സെപ്തംബര്‍ 25) വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ കൃഷി ഓഫീസര്‍ നിര്‍വഹിക്കും.
0 Comments