ആറളം ഫാമിലെയും ആദിവാസി പുനരധിവാസ മേഖലയിലെയും വിവിധങ്ങളായ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി മുഖ്യമന്ത്രി 28 ന് 12 ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ഉന്നതതല യോഗം വിളിച്ചു. ആറളം ഫാമിന്റെ പ്രവർത്തനം, തൊഴിലാളികളുടെ ശമ്പള കുടിശിക, പുനരധിവാസ മേഖലയിലെ വീടുകളുടെ പുനരുദ്ധാരണം എന്നീ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്നാണ് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ധന, പട്ടികജാതി - പട്ടികവർഗ- പിന്നോക്കക്ഷേമ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വനം അഡീഷണൽ ചിഫ് സെക്രട്ടറി, ആരോഗ്യ, കൃഷി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഭക്ഷ്യ, പൊതുവിദ്യാഭ്യാസ സെക്രട്ടറിമാർ, മറ്റു ബന്ധപ്പെട്ട ഉദ്യേഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ആറളം ഫാം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും പുനരധിവാസ മേഖലയിൽ ആദിവാസി കുടുംബങ്ങൾ നേരിടുന്ന വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്കും യോഗത്തിൽ പരിഹാര നടപടി ഉണ്ടാകുമെന്നാണ് ഫാം മേഖലയിലുള്ളവരുടെ പ്രതീക്ഷ. ആറളം ഫാമിൽ 3 മാസമായി മുടങ്ങികിടക്കുന്ന ശമ്പളം വിതരണം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസമാണ് സർക്കാർ പ്രത്യേക സഹായമായി അനുവദിച്ചത്. സ്ഥിരമായി ശമ്പളം മുടങ്ങുന്നതുൾപ്പെടെയുള്ള പ്രതിസന്ധികളും കാട്ടാന ശല്യവും ഫാമിനെ അനുദിനം പിന്നോക്കാവസ്ഥയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടാനയുടെ അക്രമത്തിൽ 4 വർഷത്തിനിടയിൽ 6 പേരാണ് പുനരധിവാസ മേഖലയിൽ കൊല്ലപ്പെട്ടത്. മന്ത്രിമാരായ എ.കെ.ബാലനും കെ.രാജുവും വി.എസ്.സുനിൽകുമാറും ഫാമിൽ എത്തിയപ്പോഴെല്ലാം പരാതികൾ അറിയിച്ച താമസക്കാർ മുഖ്യമന്ത്രിയെ കൊണ്ട് ഉന്നതതല യോഗം വിളിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഫാമിന്റെ പ്രതിസന്ധിക്ക് പരിഹാരം തേടിയുള്ള പ്രക്ഷോഭപരിപാടികൾക്കായി സേവ് ആറളം ഫാം എന്ന പേരിൽ എല്ലാ തൊഴിലാളി യൂണിയനുകളും ചേർന്ന് രൂപീകരിച്ചിട്ടുള്ള കൂട്ടായ്മ നവംബർ 7,8 തിയതികളിൽ കലക്ടറേറ്റ് പടിക്കൽ രാപകൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments