ഈ സര്‍ക്കാര്‍ വന്നശേഷം ബാറുകള്‍ 29-ല്‍നിന്ന് 565 ആക്കി

തിരുവനന്തപുരം: ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും കുറയ്ക്കലല്ല ഇടതുസര്‍ക്കാരിന്റെ നയമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്ബോള്‍ 29 ബാറുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 565 ബാറുകളും 365 ബിയര്‍  ആന്‍ഡ് വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഘട്ടംഘട്ടമായി മദ്യത്തിന്റെ അളവ് കുറയ്ക്കുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പരസ്യംനല്‍കിയത് ഇടതുമുന്നണിയായിരുന്നില്ലേയെന്ന് കെ.സി. ജോസഫ് ചോദിച്ചു. ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ നയമല്ലേയെന്നും അദ്ദേഹം ചോദിച്ചു. മദ്യശാലകളുടെ എണ്ണം കുറയ്ക്കലല്ല, മദ്യാസക്തി ഇല്ലാതാക്കാനുള്ള ബോധവത്കരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
2016 ജൂലായ് മുതല്‍ 2019 സെപ്റ്റംബര്‍വരെ 689.56 ലക്ഷം കെയ്‌സ് വിദേശമദ്യവും 401.77 ലക്ഷം കെയ്‌സ് ബിയറുമാണ് കേരളത്തില്‍ വിറ്റത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യകാലത്തെ അപേക്ഷിച്ച്‌ വിദേശ മദ്യവില്‍പ്പനയില്‍ 26 ലക്ഷം കെയ്‌സിന്റെ കുറവുണ്ടെന്നും മന്ത്രി പറഞ്ഞു.

യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യകാലമല്ല, അവസാനകാലമാണ് കണക്കാക്കേണ്ടതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. എല്ലാം യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലമായിരുന്നില്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസുകളുടെ എണ്ണം കൂടി. എന്‍.ഡി.പി.എസ്. നിയമപ്രകാരം 21,363 കേസുകളും കോട്പ പ്രകാരം 2,42,611 കേസുകളും ഈ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തു. യു.ഡി.എഫിന്റെ കാലത്ത് 4880 എന്‍.ടി.പി.സി. കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വി.ടി. ബല്‍റാം, അനില്‍ അക്കര, ഐ.സി. ബാലകൃഷ്ണന്‍, ടി.ജെ. വിനോദ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രി മറുപടിനല്‍കിയത്.