കേരളത്തില്‍ തൊഴില്‍രഹിതര്‍ 36.25 ലക്ഷം

തിരുവനന്തപുരം: കേരളത്തില്‍ തൊഴില്‍രഹിതരായ യുവതി-യുവാക്കളുടെ തോത് ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍. മെഡിക്കല്‍, എന്‍ജിനിയറിങ് ബിരുദധാരികളടക്കം 36,25,852 പേര്‍ തൊഴില്‍രഹിതരായി കേരളത്തിലുണ്ട്. ഇതില്‍ എന്‍ജിനിയറിങ് കഴിഞ്ഞവരില്‍ തൊഴില്‍ ലഭ്യമാകാത്ത സ്ഥിതി കൂടുന്നുണ്ടെന്നും തൊഴില്‍വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

3.45 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 9.53 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. 6.1 ശതമാനമാണ് ദേശീയ ശരാശരി. സിക്കിം, ത്രിപുര സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തെക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവും.

തൊഴില്‍രഹിതരായവരില്‍ യുവതികളാണ് കൂടുതല്‍. 23,00,139 യുവതികള്‍ക്കാണ് തൊഴിലില്ലാത്തത്. 2,31,816 പേര്‍ ബിരുദയോഗ്യതയുള്ളവരും 75,088 പേര്‍ ബിരുദാനന്തര യോഗ്യതയുള്ളവരുമാണ്. തൊഴില്‍രഹിതരായ 13,25,713 യുവാക്കളില്‍ ബിരുദമുള്ളവര്‍ 99,376, ബിരുദാനന്തര ബിരുദമുള്ളവര്‍ 19,505 പേരുമാണ്.

പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും കേരളത്തില്‍ തൊഴില്‍ ലഭ്യമാകുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍, എന്‍ജിനിയറിങ്, എം.ബി.എ., ഐ.ടി.ഐ. യോഗ്യതയുള്ളവരെല്ലാം തൊഴില്‍രഹിതരുടെ പട്ടികയിലുണ്ട്.

തൊഴില്‍രഹിതരായ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍

എന്‍ജിനിയറിങ് 44,559

ഡോക്ടര്‍മാര്‍ 7303

അഗ്രികള്‍ച്ചറല്‍ 1509

വെറ്ററിനറി 540

എല്‍.എല്‍.ബി.-എല്‍.എല്‍.എം. 654

എം.സി.എ. 3771

എം.ബി.എ. 6413

ബി.ജി.ഡി.സി.എ. 3302

ബി.എസ്‌സി. നഴ്‌സിങ് 12,006

ബി.എസ്‌സി. എം.എല്‍.ടി. 1484

പി.ജി. ആര്‍ട്‌സ് 19,926

പി.ജി. കൊമേഴ്‌സ് 11,408

പി.ജി. സയന്‍സ് 9738

ഐ.ടി.ഐ.- ഡിപ്ലോമ 78,410

എന്‍.ടി.സി. 94,415