കോടഞ്ചേരി പള്ളിയിലെ കല്ലറകള്‍ തുറന്നു; ആദ്യം പരിശോധിച്ചത് കുഞ്ഞിന്റെ കല്ലറ
കോഴിക്കോട്: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കല്ലറകള്‍ തുറന്നു. സിലിയുടെയും പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണു തുറന്നത്. പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
14 വർഷങ്ങൾക്കു മുന്നാണ് ആദ്യ മരണം
ആറ് മരണത്തിലേയും സമാനതകളാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
മരണപ്പെട്ടവരുടെ ബന്ധുക്കളുടെ സംശയങ്ങളാണ് മരണപരമ്പരയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പോലീസിനെ പ്രരിപ്പിച്ചത്. നാളിതുവരെ പോലീസ് നടത്തി വരികയായിരുന്ന അന്വേഷണങ്ങളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കു വേണ്ടി കല്ലറകൾ തുറന്ന് ഫോറൻസിക് പരിശോധന നടത്തുന്നത്. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കല്ലറകള്‍ തുറന്നു. കൂടത്തായി പള്ളിയിലെ നാല് മൃതദേഹങ്ങൾ കൂടി കളറുകൾ തുറന്ന് പരിശോധിക്കും.
റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷമാണു കല്ലറകള്‍ തുറന്നത്. ദ്രവിക്കാത്ത പല്ല്, അസ്ഥി എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയെയാണ് കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. 2002-ലും തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിത കൊലപാതകമാണെന്ന പരാതിയെത്തുടര്‍ന്നാണു മൃതദേഹങ്ങള്‍ കോടതി അനുമതിയോടെ പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
സംശയിക്കപ്പെടുന്ന യുവതിക്ക് സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് സാഹചര്യതെളിവുകള്‍ക്കു പുറമേ ശാസ്ത്രീയ തെളിവുകള്‍കൂടി ശേഖരിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി യുവതിയുടെ ബ്രെയിന്‍മാപ്പിംഗ് പരിശോധിക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്കായി അനുവാദം ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
മരിച്ചവരുടെ സ്വത്തുകള്‍ തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കിയതിനെത്തുടര്ന്നാണ് യുവതിക്ക് ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ആദ്യമെത്തിയത്. മരിച്ച ടോം തോമസ്-അന്നമ്മ ദന്പതികളുടെ മകന് അമേരിക്കയില്‍ ജോലിയുള്ള റോജോയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംശയത്തിലുള്ള യുവതിയെ ടോം തോമസിന്റെ ഉറ്റബന്ധുവായ ഒരാള്‍ സഹായിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍വിളികളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഒട്ടേറെ വിവരങ്ങള്‍ ഇതില്‍നിന്നു ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. പല ബിസിനസുകാരുമായും ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചതായി അറിയുന്നു. ടോം തോമസിന്റെ മകന് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതാനും സുപ്രധാന തെളിവുകള്‍ ക്രൈംബ്രാഞ്ചിനു കിട്ടിയതായും വിവരമുണ്ട്.
0 Comments