ദൃശ്യവിസ്മയമായി കൊട്ടിയൂരിൽ പാൽ ചുരം വെള്ളച്ചാട്ടം: പക്ഷേ എത്താൻ വഴിയൊരുക്കാതെ അധികൃതർ


കൊട്ടിയൂര്‍: ദൃശ്യഭംഗി ഒരുക്കി പ്രകൃതി സ്‌നേഹികളെ മാടി വിളിക്കുകയാണ് പാല്‍ചുരം വെള്ളച്ചാട്ടം.പേര് പോലെ പാൽ നുര പോലെ കുതിച്ച് ചാടുന്ന വെള്ളച്ചാട്ടം കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുകയാണ്. എന്നാല്‍ ഈ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ സാഹസം നിറഞ്ഞ വഴിയിലൂടെ വേണം ഇവിടെയെത്താന്‍.
പ്രകൃതി സ്‌നേഹികളുടെ  മനംകുളിര്‍പ്പിക്കുന്ന ദൃശ്യ ഭംഗിയാണ് പാല്‍ചുരം വെള്ളച്ചാട്ടത്തിന്.   ഇവിടേക്കുള്ള പാത കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയിലൂടെ വേണം ഈ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനായി ഇവിടെയെത്താന്‍. കഴിഞ്ഞ രണ്ടു പ്രകൃതിക്ഷോഭങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇവിടേക്കുള്ള യാത്ര കുറച്ചുകൂടി ദുഷ്‌കരമാക്കിയിട്ടുണ്ട്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ തന്നെ ഇഴജന്തുക്കളുടെ ശല്യവും  ഏറെയുണ്ട്. വയനാട് കണ്ണൂര്‍ ജില്ലകളെ
തമ്മില്‍ ബന്ധിപ്പിക്കുന്ന ചെകുത്താന്‍ തോടാണ്  പാല്‍ചുരം വെള്ളച്ചാട്ടമായി പരിണമിക്കുന്നത്. മികച്ച  ടൂറിസം സാധ്യത നിലനില്‍ക്കുന്ന പ്രദേശമായിട്ട് പോലും ബന്ധപ്പെട്ട അധികാരികള്‍ ഈ വെള്ളച്ചാട്ടത്തേ പരിഗണിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. വയനാടൻ മലയടിവാരത്തിലെ നീർച്ചാട്ടം വിനോദ സഞ്ചാര ഭൂപടത്തിലുണ്ടെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കുന്നതിലെ അവഗണന തുടരുന്നതാണ് ദുസ്തിക്ക് കാരണം.