ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഒക്ടോബർ 21 മുതൽ 29 വരെ ഒമാനിൽ വെച്ച് നടത്തുന്ന 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്താരാഷ്ട്ര ടൂർണമെന്റിൽ മലയാളിയായ മുഹമ്മദ് നിഹാൽ സിറാജ് ഒമാൻ ദേശീയ ടീമിൽ അരങ്ങേറും.8 രാജ്യങ്ങൾ രണ്ട് ഗ്രൂപ്പുകളിലായാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എ യിൽ യു.എ.ഇ , സൗദി അറേബ്യ, ഇറാൻ,ബഹ്റൈൻ എന്നീ രാജ്യങ്ങളും ഗ്രൂപ്പ് ബി യിൽ ഒമാൻ,ഖത്തർ, മാലി ദ്വീപ്,കുവൈത്ത് എന്നീ രാജ്യങ്ങളും മൽസരിക്കും.ഇന്ത്യൻ വംശജനായ അമൻ പ്രീത് സിങ്ങ് സിരയാണ് ഒമാൻ ടീമിൻറെ ക്യാപ്റ്റൻ.ഒക്ടോബർ 22 ന് കുവൈത്തുമായാണ് ഒമാൻറെ ആദ്യ മൽസരം. അൽ ഗുബ്ര ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നിഹാലിൻറെ ഇഷ്ട കളികൾ ക്രിക്കറ്റും നീന്തലുമാണ്.ഇടം കൈയ്യൻ ഓപ്പണിങ് ബാറ്റ്സ്മാനും വലം കൈയ്യൻ ലെഗ് സ്പിന്നറുമായ നിഹാൽ ഒമാൻ ക്രിക്കറ്റ് ലീഗിൽ ബോഷർ ക്രിക്കറ്റ് ക്ലബ് മസ്ക്കറ്റിനാണ് കളിക്കുന്നത്.നീന്തലിലും മികച്ച താരമാണ് നിഹാൽ. 2017 ൽ ഹരിയാനയിലും 2018 ൽ റാഞ്ചിയിലും 2019 ൽ ഭോപ്പാലിലും വെച്ച് നടന്ന സിബിഎസ്ഇ സ്കൂളുകളുടെ ടൂർണമെന്റിൽ ഒമാൻ സ്കൂളുകളെ പ്രതിനിധീകരിച്ച് നിഹാൽ പങ്കെടുത്തു. തലശ്ശേരിയിലെ പ്രമുഖ കായിക കുടുംബമായ അച്ചാരത്ത് തറവാടിലെ അംഗവും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ എ.സി.എം.അബ്ദുള്ളയുടെ പേര മകനാണ് മുഹമ്മദ് നിഹാൽ സിറാജ്. ഒമാനിൽ അൽ റിഹവാൻ കോൺട്രാക്ടിങ്ങ് കമ്പനിയുടെ ജനറൽ മാനേജരായ ഷിറാജ്.എൻ.അബ്ദുള്ളയുടേയും യാസ്മിൻ ഷിറാജിൻറേയും മകനായ മുഹമ്മദ് നിഹാൽ സിറാജ് ജനിച്ചതും വളർന്നതും ഒമാനിലാണ് . സാദിയ ഷിറാജ്,നാദിയ ഷിറാജ് എന്നിവർ സഹോദരിമാരാണ് .സീനിയർ ഒമാൻ ടീമിൽ കളിക്കുക എന്നതാണ് തൻറെ ലക്ഷ്യമെന്ന് നിഹാൽ സിറാജ് പറഞ്ഞു.