തോക്ക് ധാരികളായ  മൂന്നംഗ മാവോയിസ്റ്റുകളെത്തി







മേപ്പാടി:എ.വി.ടി ചുളുക്ക എസ്‌റ്റേറ്റിനു കീഴിലുള്ള ചോലമല ഡിവിഷനില്‍  കാടിനോട് ചേര്‍ന്ന് കിടക്കുന്ന എസ്‌റ്റേറ്റ് പാടികളിലാണ് തോക്ക് ധാരികളായ  മൂന്നംഗ മാവോയിസ്റ്റുകളെത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയെത്തിയ സംഘം നാടുകാണീ ദളത്തിന്റെ ബുള്ളറ്റിനായ കനല്‍പാത പാടികളില്‍ വിതരണം ചെയ്തു. കൂടാതെ കൂലി വര്‍ദ്ധനവിനെ കുറിച്ചും മറ്റും തൊഴിലാളികളോട് സംസാരിക്കുകയും ചെയ്തു. മാവോയിസ്റ്റ് നേതാവ്  വിക്രംഗൗഡ യും സംഘവുമാണ് എത്തിയതെന്നാണ് സൂചന.തമിഴ് വംശജര്‍ അടങ്ങിയ 6 ഓളം കുടുബങ്ങളാണ് എസ്‌റ്റേറ്റ് പാടികളില്‍ താമസിക്കുന്നത്.കൂലി വര്‍ദ്ധന  മിനിമം 800 രൂപ ആവശ്യപ്പെടണമെന്നും, മാവോവാദികള്‍ തൊഴിലാളികളെ ഉപദ്രവിക്കുകയില്ല എന്നും തൊഴിലാളികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും മാവോയിസ്റ്റുകള്‍ പറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു.

തുടര്‍ന്ന് സംഘം പാടികളില്‍ നിന്നും അരിയും പല വ്യഞ്ജജനങ്ങളും ശേഖരികുകയും, ചായയും മറ്റും തൊഴിലാളികളെ കൊണ്ട് ഉണ്ടാക്കിച്ച് കഴിക്കുകയും ചെയ്യ്തു. മേപ്പാടി പോലീസ് സ്‌റ്റേഷനില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്തായാണ് ചോലമല സ്ഥിതി ചെയ്യുന്നത്. പാടികള്‍ സന്ദര്‍ശിച്ച ശേഷം മാവോവാദികള്‍ ചെമ്പ്രാപീക്ക്  കാടുകളിലേക്ക് പോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പാടിയിലെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി പടിഞ്ഞാറത്തറ കാപ്പികളത്ത് മാവോയിസ്റ്റുകളെത്തിയിരുന്നു. പടിഞ്ഞാറത്തറയിലെത്തിയത് ജയണ്ണ, വേല്‍മുരുകന്‍, ലത, സുന്ദരി, ഉണ്ണിമായ എന്നിവരാണെന്ന് വീട്ടുകാരെ ഫോട്ടോകള്‍ കാണിച്ചതില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. .