വയനാടിനെ വിറപ്പിച്ച പുലി ഇനി നെയ്യാര്‍ ഡാം സിംഹസഫാരി പാര്‍ക്കിലെ കൂട്ടില്‍


ഭീതി പരത്തി വയനാടിനെ വിറപ്പിച്ച പുലി ഇനി നെയ്യാര്‍ ഡാം സിംഹസഫാരി പാര്‍ക്കിലെ കൂട്ടില്‍.
തിങ്കളാഴ്‌ചയാണ്‌ നെയ്യാര്‍ ഡാം വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സിംഹ സഫാരി പാര്‍ക്കില്‍ ഏഴ്‌ വയസുള്ള പുലിയെ എത്തിച്ചത്‌ .
ബത്തേരി ചെതലയം മാതമംഗലത്തുള്ള ബൊമ്മന്‍ കോളനിയില്‍ നിന്ന്‌ പിടിച്ച്‌ വയനാട്‌ വന്യജീവി സങ്കേതത്തില്‍ ഉള്‍വനത്തില്‍ തുറന്ന്‌ വിട്ട പുലി വീണ്ടും ജന വാസകേന്ദ്രത്തില്‍ ഇറങ്ങുകയും ജനങ്ങളില്‍ ഭീതി പരത്തുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ വനം വകുപ്പ്‌ സംഘം എത്തി പൊന്‍കുഴി ഗോത്ര കോളനിയില്‍ ആദിവാസിയുടെ വീടിനു മുന്നില്‍ കിടന്ന പുലിയെ വീണ്ടും മയക്കു വെടി വച്ച്‌ പിടിച്ചത്‌. ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലിയെ പിടികൂടുന്നില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ വനം വകുപ്പ്‌ പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി കൂട്ടിലാക്കി.
എന്നാല്‍ പുലിയുടെ കാലിനേറ്റ പരിക്കിന്‌ ചികിത്സ നടത്തിയ ശേഷം പുലിയെ വനപാലകര്‍ ഉള്‍ക്കാട്ടില്‍ തുറന്നു വിടുകയും ചെയ്‌തു വെങ്കിലും വീണ്ടും ജനവാസ മേഖലയായ മുത്തങ്ങ പൊന്‍കുഴിയിലേക്ക്‌ തിരിച്ചെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന്‌ നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു സ്‌ഥലത്തെത്തിയ വനപാലകര്‍ മയക്കു വെടി വച്ച്‌ പിടിച്ച പുലിയെ വയനാട്‌ വന്യജീവി സങ്കേതം ലാബ്‌ അങ്കണത്തില്‍ നിരീക്ഷണത്തിലാക്കി. ഒരു തവണ കാട്ടിനുള്ളില്‍ വിട്ട പുലി തിരികെ എത്തിയതിനാല്‍ വീണ്ടും കാട്ടില്‍ വിടുന്നത്‌ പ്രായോഗികമല്ല എന്ന്‌ മനസിലാക്കിയ അധികൃതര്‍ പുലിയെ നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കില്‍ എത്തിക്കാന്‍ തീരുമാനമായി. ഇതോടെയാണ്‌ പുലിയെ നെയ്യാര്‍ ഡാം സിംഹസഫാരി പാര്‍ക്കില്‍ എത്തിച്ചത്‌.