ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മദ്യ വില ഉയര്‍ത്തിയേക്കും, സമ്മര്‍ദ്ദവുമായി കമ്പനികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വീണ്ടും ഉയര്‍ന്നേക്കും. വില കൂട്ടാന്‍ ആവശ്യപ്പെട്ട് മദ്യ വിതരണ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷം മദ്യ വില കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്നാണ് സൂചന.
മദ്യം ഉത്പാദിപ്പിക്കുന്നതിന് വേണ്ടി വരുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ(സ്പിരിറ്റ്) വിലയിലുണ്ടായ വര്‍ധനവാണ് മദ്യ വില ഉയര്‍ത്തണം എന്ന ആവശ്യത്തിലേക്ക് എത്തിച്ചത്. നേരത്തെ 45 രൂപയായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 70 രൂപയാണ് വില. ഇതോടെ, നിലവില്‍ ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് കമ്ബനികളുടെ വാദം.
സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മദ്യ വിതരണ കമ്ബനികള്‍ ബിവറേജസ് കോര്‍പ്പറേഷന് കത്ത് നല്‍കി. മദ്യത്തിന്റെ വില കൂട്ടിയില്ലെങ്കില്‍ കമ്ബനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്‌സ് കുറയ്ക്കണം എന്നാണ് ആവശ്യം. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സും സ്പിരിറ്റ് വില വര്‍ധനവില്‍ നഷ്ടത്തിലാണ് പോവുന്നത്.
വരുമാന നഷ്ടം ഉണ്ടാവും എന്നതിനാല്‍ ടേണ്‍ ഓവര്‍ ടാക്‌സ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. ഇതോടെ മദ്യത്തിന്റെ വില ഉയര്‍ത്താന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.