സ്ത്രീകളെ ഉടലുകളായിക്കാണുന്ന  സവർണ- കോർപറേറ്റ് ഫാഷിസത്തെ പ്രതിരോധിക്കുക. ഹമീദ് വാണിയമ്പലം..

സംഘ്പരിവാർ ഫാഷിസവും കോർപറേറ്റ് മുതലാളിത്തവും സ്ത്രീകളുടെ സ്വത്വത്തെ നിരാകരിച്ചുകൊണ്ട് കേവല ഉടലുകളായാണ് സ്ത്രീയെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് വെൽഫയർപാർട്ടി സംസ്ഥാനപ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.  പൊതുബോധത്തിൽ വേരൂന്നിയട്ടുള്ള
 സ്ത്രീവിരുദ്ധമായ പുരുഷാധിപത്യ മനോഭാവങ്ങളെ ചോദ്യം ചെയ്യുവാൻ സ്ത്രീമുന്നേറ്റങ്ങൾക്ക് കഴിയേണ്ടതുണ്ട്. അടിച്ചമർത്തലുകളും അടിമത്തങ്ങളും തുടർന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തിൽ ജനാധിപത്യപരമായ പെൺപ്രതിരോധമാണ് ഫാഷിസ്റ്റ്കാലം ആവശ്യപ്പെടുന്നത്. അതിനുവേണ്ടിയാണ് വിമൻ ജസ്റ്റിസ് മൂവ്മെൻെറ് പിറവികൊള്ളുന്നത്.
നിയമനിർമാണസഭകളിൽ 33%സ്ത്രീസംവരണം എന്ന  കാലങ്ങളായി തുടരുന്ന അവഗണന രാഷ്ട്രീയ സംഘടനകളുടെ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നത്.സംവരണബിൽ നടപ്പാക്കുവാൻ വിമൻ ജസ്റ്റിസ് മൂവ്മെൻെറ് ശക്തമായി നിലകൊള്ളുന്നത്  സ്വാഗതാർഹമാണ്.

വിമൻ ജസ്റ്റിസ് മൂവ്മെൻെറ് മലപ്പുറം ജില്ല പ്രഖ്യാപനം ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫയർപാർട്ടി ദേശീയ സെക്രട്ടറി ഇ. സി. ആയിശ അധ്യക്ഷത വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻെറ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നിർവഹിച്ചു.സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ല പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഫായിസ കരുവാരക്കുണ്ടിന് ജബീന ഇർഷാദ് പതാക കൈമാറി.എഫ്. എെ. ടി. യു ജില്ല സെക്രട്ടറി റഷീദ ഖാജ, അസെറ്റ് സംസ്ഥാന സമിതിയംഗം വഹീദ ജാസ്മിൻ, ഫ്രട്ടേണിറ്റി ജില്ല വൈസ് പ്രസിഡണ്ട് ഹബീബ റസാഖ് എന്നിവർ സംസാരിച്ചു. വെൽഫയർപാർട്ടി ജില്ല പ്രസിഡണ്ട് നാസർ കീഴ്പറമ്പ് സമാപനവും ജില്ല സെക്രട്ടറി സീനത്ത് കോക്കൂർ നന്ദിയും നിർവഹിച്ചു