ചതുരംഗ കളിയിൽ വിജയത്തിലേക്കുള്ള കരുക്കൾ നീക്കി നന്ദന വീണ്ടും നാഷണൽ മത്സരത്തിന്‌ ഒരുങ്ങുന്നു


പേരാവൂർ:ദ്രാരിദ്ര്യത്തിന്റെ ചതുരംഗത്തിൽനിന്നായിരുന്നു വിജയത്തിലേക്കുള്ള കരുക്കൾ ഈ സഹോദരങ്ങൾ എന്നും നീക്കിയത്‌. ഉന്നത വിജയങ്ങളിലേക്ക്‌ ചെക്ക്‌ മീറ്റ്‌ ചെയ്യുമ്പോഴും സാമ്പത്തിക പരാധീനത അവരുടെ  മുന്നോട്ടുള്ള യാത്രയെ പിന്നോട്ടടിപ്പിക്കുകയാണ്‌. വിദഗ്‌ദ പരിശീലനവും ഏറെ പണച്ചെലവും ഉള്ള ചതുരംഗ മത്സരത്തിൽ ഏറെ കുറേ സ്വന്തമായി തന്നെയാണ്‌ ഇരുവരുടെയും പരിശീലനം. കിട്ടുന്ന സമയങ്ങളിൽ ഒരുമിച്ച്‌ കളിക്കുന്നത്‌ മാത്രമാണ്‌ ഈ കൊച്ചുമിടുക്കരുടെ പരിശീലനം. പേരാവൂർ ജിമ്മി ജോർജ്‌ ചെസ്‌ ക്ലബ്, ചെസ്സിൽ മുൻ ജില്ലാ ചാമ്പ്യൻ ഇരിട്ടിയിലെ അജീഷ്‌, ചില സുമനസ്സുകൾ  എന്നിവർ പലപ്പോഴും ഇവരുടെ വിജയയാത്രകൾക്ക്‌ താങ്ങും തണലുമായി നിന്നത്‌  മറക്കാനാവില്ല. സംസ്ഥാന സ്‌കൂൾ ഗെയിംസിൻറ ഭാഗമായി സംഘടിപ്പിച്ച ചെസ്‌ മത്സരത്തിൽ   നന്ദന സജീവന്‌ വീണ്ടും നാഷണലിലേക്ക്‌ സെലഷ്കൻ ലഭിച്ചിരിക്കുന്നു. അണ്ടർ 17 വിഭാഗത്തിൽ   കേരളത്തിൽനിന്നും അഞ്ച്‌ പേർക്കാണ്‌ നാഷണലിലേക്ക്‌ സെലക്ഷൻ ലഭിച്ചത്‌. കണ്ണൂരിൽനിന്നും രണ്ട്‌ പേർമാത്രം നന്ദനയും അശ്വിനി ബാലകൃഷ്‌ണനും. സബ്‌ജില്ലാ, ജില്ലാ–-സോണൽ മത്സരത്തിന്‌ ശേഷം നടന്ന സംസ്ഥാന മത്സരത്തിൽ നാല്‌ കളിയിൽ രണ്ട്‌ വിജയവും രണ്ട്‌ സമനിലയുമായാണ്‌ നന്ദന വിജയിയായത്‌. ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മത്സരത്തിൽ ഇനി കരുക്കൾ നീക്കും.  സബ്‌ജില്ലാ, ജില്ലാ, സോണൽ കളികളിലെ വിജയത്തിന്‌ ശേഷം സംസ്ഥാന മത്സരത്തിലാണ്‌ നന്ദനയുടെ സഹോദരൻ കൃഷ്‌ണാനന്ദ്‌ അടിയറവ്‌ പറഞ്ഞത്‌. ഇരുവരും ആൺ, പെൺ വിഭാഗത്തിൽ അണ്ടർ 6 മുതൽ 12 വരെ ജില്ലാ ചാമ്പ്യന്മാരായിരുന്നു. മറ്റ്‌ നിരവധി മത്സരങ്ങളിൽ ജില്ലാ–-സംസ്ഥാന വിജയികളുമാണ്‌. കഴിഞ്ഞ തവണ നാഷണൽ മത്സരത്തിൽ നന്ദന അടങ്ങുന്ന കേരളാ ടീം അഞ്ചാം സ്ഥാനത്തായിരുന്നു. പേരാവൂർ സെന്റ്‌ ജോസഫ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ വൺ സയൻസ്‌ വിദ്യാർഥിയാണ്‌ നന്ദന. പഠനത്തിലും മിടുക്കിയായ നന്ദന എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ നേടിയിരുന്നു. ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ്‌ കൃഷ്‌ണാനന്ദ്‌.