കൃഷി നാശത്തിന് ഇനി ഫോണില്‍ അപേക്ഷിക്കാം , 6 മാസത്തിനുള്ളില്‍ 'സ്മാര്‍ട്ട്' ആപ്പ് പുറത്തിറങ്ങും
തിരുവനന്തപുരം : പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചാല്‍ നഷ്ടപരിഹാരം വാങ്ങാന്‍ ഇനി രേഖകളുമായി കൃഷിഭവനുകള്‍ കയറി ഇറങ്ങേണ്ട. കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് സ്മാര്‍ട്ട്ഫോണിലൂടെ അപേക്ഷിക്കാം. ഇതിനായി 'സ്മാര്‍ട്ട് ' എന്ന പേരില്‍ കൃഷിവകുപ്പിന്റെ പുതിയ ആപ്പ് ആറ് മാസത്തിനുള്ളില്‍ പുറത്തിറങ്ങും.
കൃഷിനാശമുണ്ടായ കര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് കാലതാമസമില്ലാതെ നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍ ഇതിനോടകം തന്നെ കൃഷിവകുപ്പുകളില്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. നാശനഷ്ടമുണ്ടായ കര്‍ഷകര്‍ കൃഷി ഭവനിലെത്തിയാല്‍ അന്നുതന്നെ സോഫ്റ്റ്‌വെയറില്‍ വിവരം അപ്‌ലോഡ് ചെയ്യും. ഇവ ഉടന്‍ ഡയറക്ടറേറ്റില്‍ ലഭിക്കും. കാലവര്‍ഷക്കെടുതിയില്‍ ഓരോ ദിവസവും എത്രമാത്രം നഷ്ടമുണ്ടായെന്ന വിവരവും ഈ സോഫ്റ്റ്‌വെയറിലൂടെ അധികൃതര്‍ക്ക് അറിയാനാകും. അന്വേഷണം നടത്തി ശരിയെന്ന് ബോദ്ധ്യപ്പെട്ടാല്‍ അധികം വൈകാതെ തന്നെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നഷ്ടപരിഹാര തുകയുമെത്തും.
കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ കൃഷിഭവനിലെത്തി പ്രത്യേക ഫാറം പൂരിപ്പിച്ചാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഇതുവരെ നല്‍കിയിരുന്നത്. തുടര്‍ന്ന് കൃഷി ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് അയയ്ക്കും.
ഇവിടെ നിന്നു ജില്ലാ ഓഫീസിലേക്കും തുടര്‍ന്ന് ഡയറക്ടറേറ്റിലും ഫയല്‍ അയയ്ക്കും. അതിനുശേഷമേ തുക അനുവദിച്ചിരുന്നുള്ളു. ഇത്രയും നടപടിക്രമങ്ങള്‍ക്ക് മാസങ്ങളുടെ കാലതാമസമുണ്ടായിരുന്നു.
ഇതിനു പരിഹാരമായാണ് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ സഹായത്താല്‍ കൃഷിവകുപ്പ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. കൃഷിവകുപ്പിന്റെ ഐ.ടി സെല്ലാണ് സോഫ്റ്റ്‌വെയര്‍ നിയന്ത്രിക്കുന്നത്.
0 Comments