ജീവിതത്തിലും എ പ്ലസ് നേടാന്‍ കുട്ടികളെ
പ്രാപ്തരാക്കണം: മന്ത്രി സി രവീന്ദ്രനാഥ്
പൊതുവിദ്യാഭ്യാസ സംരക്ഷണം രണ്ടാം ഘട്ടത്തിന് തുടക്കമായി
പരീക്ഷകളില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് ഇനിയും മുന്നോട്ട് എന്ന പേരില്‍ ഗവ/എയ്ഡഡ് പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കായി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ലാസ്സില്‍ പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പരീക്ഷയെഴുതി വിജയിക്കുന്നതിനപ്പുറം മാനവികതയുടെയും ജനകീയതയുടെയും ആധുനികതയുടെയും പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സാധിക്കണം. കാംപസുകള്‍ തന്നെ പാഠപുസ്തകങ്ങളാവുന്ന രീതിയില്‍ വേണം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം. ക്ലാസ് മുറികള്‍ക്ക് പുറത്തുനിന്നും അറിവുകള്‍ നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം.
നീതി ആയോഗിന്റെ വിദ്യാഭ്യാസ സൂചികയില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കേരളത്തിന് സാധിച്ചത് അധ്യാപകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനഫലമായാണ്. 82.17 പോയിന്റുകളോടെയാണ് ഈ നേട്ടം നമുക്ക് കൈവരിക്കാനായത്. എന്നാല്‍ 100ല്‍ 100 പോയിന്റും നേടി രാജ്യത്തിന് മുമ്പില്‍ മാതൃകയായി നില്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു. പഠിച്ച പാഠങ്ങള്‍ ഉരുവിടുന്നതിനു പകരം ചോദ്യങ്ങള്‍ചോദിക്കാന്‍ വിദ്യാര്‍ഥികള്‍ കഴിവ് നേടുമ്പോഴാണ് അവരുടെ ചിന്തയുടെ ചക്രവാളം വികസിക്കുന്നത്. ആധുനിക സാങ്കേതികവിദ്യ വിദ്യാര്‍ഥികളെ അതിന് പ്രാപ്തരാക്കുന്നുണ്ട്.
നാട്ടിലെ പ്രതിഭകളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയും അവരുടെ ജീവിതാനുഭവങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശിശുദിനമായ നവംബര്‍ 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ എല്ലാ വിദ്യാലയങ്ങളിലും പ്രതിഭകളിലേക്ക് എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ ചുറ്റുവട്ടത്തുള്ള കലാകാരന്‍മാര്‍, സാഹിത്യകാരന്‍മാര്‍, ശാസ്ത്രജ്ഞര്‍, കായിക താരങ്ങള്‍ എന്നിവരിലേക്കാണ് 10 മുതല്‍ 15 വരെ വീതം വിദ്യാര്‍ഥികളെ എത്തിക്കേണ്ടത്. അവരുടെ അറിവും അനുഭവങ്ങളും വിദ്യാര്‍ഥികളുടെ വളര്‍ച്ചയ്ക്ക് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക തലത്തില്‍ തന്നെ ഭാഷ, ഗണിതം, ശാസ്ത്രം എന്നീ അടിസ്ഥാന വിഷയങ്ങളില്‍ ഓരോ കുട്ടിയുടെയും അടിത്തറ ശക്തമാണെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുന്‍നിരയിലെത്തിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി അറിയിച്ചു. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുന്നതിന് ഓരോ ക്ലാസ്സിലും ലൈബ്രറി ആരംഭിക്കണം. ജനങ്ങളുടെ സഹകരണത്തോടെ ഇവിടേക്കുള്ള പുസ്തകങ്ങള്‍ സമാഹരിക്കാനാവും. അറിവിന്റെ സ്രോതസ്സുകളിലേക്ക് കുട്ടികളുടെ മനസ്സിനെ തുറന്നുകൊടുക്കുകയെന്ന ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയരക്ടര്‍ (ജനറല്‍) ആര്‍ എസ് ഷിബു, എസ്‌സിഇആര്‍ടി ഡയരക്ടര്‍ ഡോ. ജെ പ്രസാദ്, എസ്എസ്‌കെ സ്റ്റേറ്റ് പ്രൊജക്ട് ഡയരക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന്‍, ഡോ. രതീഷ് കാളിയാടന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ടി പി നിര്‍മല ദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments