കാരുണ്യയാത്ര - മഞ്ചാടി ബസ്റ്റ് ഉടമസ്ഥനും ജീവനക്കാരും മാതൃകയായി
പേരാവൂർ: ലിംഫോമ എന്ന മാരക രോഗം ബാധിച്ച വിദ്യാർത്ഥിനിക്ക് ചികിൽസയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു കൊട്ടിയൂർ- കോഴിക്കോട് റൂട്ടിലോടുന്ന മഞ്ചാടി ബസിന്റെ ശനിയാഴ്ചത്തെ സർവ്വീസ്. നെടുംപൊയിൽ സ്വദേശിയും കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ അനന്യ പ്രകാശിന്റെ ചികിൽസക്കായായിരുന്നു ബസ് സർവ്വീസ് നടത്തിയത്. ശനിയാഴ്ച്ച കളക്ഷനായി കിട്ടിയ തുകയിൽ ഡീസലടിക്കാനുള്ള പണമൊഴികെ മുഴുവൻ പണവും അനന്യയ്ക്കു നൽകാനാണ് തീരുമാനം. ജീവനക്കാരും തങ്ങളുടെ കൂലി എടുക്കാതെയായിരുന്നു ഇന്ന് ജോലി ചെയ്തത് . ഒന്നര വർഷത്തോളമായി ലിംഫോമ പിടിപെട്ട് കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളിൽ ചികിത്സയിലായിരുന്ന അനന്യ ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികിൽസ നടത്തുന്നത്. നിർദ്ധന കുടുംബത്തിലെ അംഗമായ അനന്യയ്ക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ഭീമമായ തുക ആവശ്യമായി വന്ന സാഹചര്യത്തിലാണ് മഞ്ചാടി ബസിന്റെ ഉടമസ്ഥനും ജീവനക്കാരും ചേർന്ന് കാരുണ്യ പ്രവർത്തി ചെയ്ത് മാതൃകയായത്.


0 Comments