കൂട്ടുപുഴ വളവുപാറ അപകടം: നടുക്കം വിട്ടുമാറാതെ മലയോരഗ്രാമങ്ങള്‍


ഇരിട്ടി: കൂട്ടുപുഴ വളവുപാറയില്‍ നിര്‍ത്തിയിട്ട മിനിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് സുഹൃത്തുക്കളുടെ മരണം മലയോരഗ്രാമങ്ങളെ ദുഖത്തിലാഴ്ത്തി. കച്ചേരിക്കടവ് മുടക്കയത്തെ ഇളമ്ബിലക്കാട് ബൈജു ജോണി (45), ചരളിലെ ചാക്കാംകുന്നേല്‍ ഹൗസില്‍ സാജന്‍ ജോയി (39) എന്നിവരാണ് മരിച്ചത്.

സൃഹൃത്തുക്കളായ ഇരുവരുടെയും മരണം ഗ്രാമവാസികള്‍ക്ക് വിശ്വസിക്കാനായില്ല. ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണവിവരം നാട്ടുകാര്‍ അറിയുന്നത്.
കച്ചേരിക്കടവ് പുതിയപാലത്തിനും ജല അതോറിറ്റിയുടെ പമ്ബ്‌ഹൗസിനും ഇടയിലെ നിരപ്പായ പാതയിലാണ് അപകടമുണ്ടായത്. മിനിലോറി നിര്‍ത്തിയിട്ടതും കാല്‍നടയാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡിന്റെ അരികിലായിരുന്നു. എന്നിട്ടും അപകടം എങ്ങനെയുണ്ടായി എന്ന് നാട്ടുകാര്‍ പരസ്പരം ചോദിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി പൂര്‍ണമായും തകര്‍ന്നിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവര്‍ക്കും തലക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഇരുവരുടെയും നെറ്റിയുള്‍പ്പെടുന്നഭാഗത്താണ് മുറിവേറ്റത്. സംഭവസമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു.

ഇപ്പോള്‍ ചരള്‍ സ്വദേശിയായ സാജന്‍ ജോയി നേരത്തേ ഏറെക്കാലം പാലത്തിന്‍കടവില്‍ താമസമാക്കിയിരുന്നു. ഇവിടെനിന്നുളള സൗഹൃദമാണ് ഇരുവരും ഇപ്പോഴും തുടരുന്നത്. അവിവാഹിതനായ സാജന്‍ രണ്ടുവര്‍ഷമായി ഗള്‍ഫില്‍നിന്ന്‌ നാട്ടിലെത്തിയിട്ട്.

ബൈജു ജോണിക്കൊപ്പം ചെറുജോലികള്‍ചെയ്യാറുണ്ട്. കെ.എസ്.ഇ.ബി.യുടെ വള്ളിത്തോട് സെക്‌ഷനിലെ താത്‌കാലിക ഡ്രൈവറായ ബൈജു ജോണിയുടെ വരുമാനമാണ് കുടുംബത്തിന്റെ കൈത്താങ്ങ്. ഭാര്യയും മൂന്ന് ചെറിയ മക്കളും അടങ്ങിയതാണ് ഇയാളുടെ കുടുംബം. ചൊവ്വാഴ്ച ഇരുവരുടെയും ശവസംസ്കാരം നടക്കും.