മുനിസിപ്പല്‍ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടങ്ങളെ കൂടി ഉള്‍പ്പെടുത്തിയും കാലപ്പഴക്കം ചെന്നതും ഉപയോഗയോഗ്യമല്ലാത്തതുമായ കെട്ടിടങ്ങള്‍ നീക്കം ചെയ്തുമാണ് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക.

സ്‌കൂളിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്ത് ക്ലാസ് മുറികള്‍, ലാബുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയ്ക്കു പുറമെ, ഇന്‍ഡോര്‍ സ്‌റ്റേഡിയം, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങി സ്‌പോര്‍ട്‌സ് വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കും മാസ്റ്റര്‍ പ്ലാന്‍.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച്‌ അടച്ചുപൂട്ടപ്പെട്ടതുള്‍പ്പെടെ മഹത്തായ ചരിത്രപാരമ്ബര്യമുള്ള വിദ്യാലയമാണ് 1861ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളെന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു. പി ടി ഉഷ ഉള്‍പ്പെടെയുള്ള പ്രമുഖ കായിക താരങ്ങളെ സംഭാവന ചെയ്ത സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കണം.

നഗരഹൃദയത്തിലുള്ള ഈ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകള്‍ക്കു പുറമെ അടുത്ത വര്‍ഷം മുതല്‍ ആറ്, ഏഴ് ക്ലാസ്സുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചെയര്‍മാനായി ഒരു സബ്കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. കായിക പരിശീലനങ്ങള്‍ക്കുള്ള ആധുനിക സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കകം മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.