മഴ ശക്തം; ഏതാനും ട്രെയിനുകള്‍ റദ്ദാക്കി


എറണാകുളം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം താറുമാറായി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങളാണ് മുങ്ങിയത്. സൗത്ത് സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനോളമാണ് വെള്ളമുയര്‍ന്നത്. നോര്‍ത്തില്‍ വെള്ളംകയറി ഓട്ടോമാറ്റിക് സിഗ്നലുകള്‍ തകരാറിലായി. ഇതോടെ ഇന്നത്തെ ഏതാനും ട്രെയിനുകള്‍ റദ്ദാക്കി.

ചൊവ്വാഴ്ച കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ പുറപ്പെടുന്ന തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് (12081), ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, എറണാകുളത്തുനിന്നു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനുകളായ ഗുരുവായൂര്‍-പുനലൂര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം (56393) എന്നീ വണ്ടികളാണ് റദ്ദാക്കിയത്.