കനത്ത മഴ തുടരും; ജാഗ്രതയില്‍ കേരളം


തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണിത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്.

കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ നാളെ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് തുലാവര്‍ഷം ഇത്രയും ശക്തമാകാന്‍ കാരണം. ഈ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദം ഇപ്പോള്‍ മഹാരാഷ്ട്രതീരത്തേക്കു നീങ്ങുകയാണ്. പിന്നീടിത് ഗതിമാറി ഒമാന്‍ തീരത്തേക്കു പോകുമെന്നാണു വിലയിരുത്തല്‍.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്-ആന്ധ്രാ തീരത്തോടു ചേര്‍ന്ന് വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതു ശക്തിപ്രാപിച്ച്‌ കരയിലേക്കു കടന്നേക്കും. രണ്ടു ന്യൂനമര്‍ദങ്ങളും കേരളത്തില്‍ മഴ ശക്തമാകാനിടയാക്കും.

അറബിക്കടലിലെ ന്യൂനമര്‍ദം കാരണം മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശിയേക്കും. 23 വരെ കേരളതീരത്തുനിന്ന് ഒരു കാരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തീരങ്ങളിലും തെക്കുകിഴക്കന്‍, മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മാലിദ്വീപ് തീരത്തും കന്യാകുമാരിയും അതിനോടു ചേര്‍ന്നുള്ള സമുദ്രപ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ പോകരുത്.