കാട്ടുപന്നി, കുരങ്ങുശല്യം വ്യാപകം
കേളകം: മലയോര ഗ്രാമങ്ങളായ കേളകം, കൊട്ടിയൂര്‍, അമ്ബായത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന് തുടങ്ങിയവയുടെ ശല്യം വ്യാപകമാകുന്നു. ഇതുവരെ എത്താതിരുന്ന സ്ഥലങ്ങളില്‍ വരെ കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യമെത്തിത്തുടങ്ങിയിരിക്കുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കി പട്ടണപരിസരത്തെ കൃഷിയിടങ്ങളിലേക്കുവരെ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം വ്യാപകമായി. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ശല്യമില്ലാതിരുന്ന പ്രദേശങ്ങളിലേക്ക് ഇവയുടെ കടന്നുകയറ്റമുണ്ടാകുന്നതു കര്‍ഷകര്‍ക്കു വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. നീണ്ടുനോക്കിയിലെ കര്‍ഷകനായ ഓരത്തേല്‍ ജോണ്‍ സെബാസ്റ്റ്യന്റെ കപ്പയും ചേമ്ബുമടങ്ങുന്ന വിളകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചതു കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഒരു പ്രാവശ്യം മാത്രമാണ് ഇവിടെ കാട്ടുപന്നിശല്യമുണ്ടായതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ഇതിനകം തന്നെ അഞ്ചോളം തവണ കാട്ടുപന്നികള്‍ കൃഷിയിടത്തിലെത്തി നാശംവരുത്തി.
ഇതുവരെ വന്യമൃഗശല്യമെന്നത് കേട്ടറിവു മാത്രമായിരുന്നു. എന്നാലിപ്പോള്‍ ഇവിടെയുമെത്തിയിരിക്കുന്നു. അമ്ബായത്തോട് ടൗണിനോടു ചേര്‍ന്ന ഭാഗങ്ങളിലും കാട്ടുമൃഗങ്ങളുടെ ശല്യമുണ്ട്. ടൗണിനോട് തൊട്ടുചേര്‍ന്നുള്ള ആഞ്ചേരി ഷാജിയുടെ തെങ്ങിന്‍തോട്ടത്തില്‍ പകല്‍സമയത്തും കുരങ്ങിന്റെയും മലയണ്ണാന്റെയും ശല്യമുണ്ടാകുന്നുണ്ട്. തേങ്ങകള്‍ മുഴുവന്‍ പറിച്ചു കളയുന്നു. പകല്‍സമയത്തുപോലും കുരങ്ങടക്കമുള്ളവ ടൗണ്‍ പരിസരത്തെത്തുന്നുണ്ടെന്ന് അമ്ബായത്തോട്ടിലെ ഡ്രൈവറായ ജിബിന്‍ കരക്കടയില് പറഞ്ഞു.
കേളകത്ത് അടയ്ക്കാത്തോട്, വെള്ളൂന്നി മേഖലകളിലും കാട്ടുമൃഗങ്ങളുടെ ശല്യമുണ്ട്. വെള്ളൂന്നിയിലെ കര്‍ഷകനായ പുത്തന്‍കുളം മാത്യു പറയുന്നതിങ്ങനെ. ഇതുവരെ ഇവിടെ പന്നിയുടെ ശല്യമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച കപ്പത്തോട്ടത്തില്‍ കാട്ടുപന്നിയെത്തി. ഇദ്ദേഹവും സമീപത്തെ കര്‍ഷകരും കാട്ടുപന്നിയെ പ്രതിരോധിക്കാനായി വേലികെട്ടിയിരിക്കുകയാണിപ്പോള്. വെള്ളൂന്നിയിലെ തന്നെ കര്‍ഷകനായ താണിപ്പള്ളില് ബാബുവിന്റെ കപ്പകൃഷി കുരങ്ങുകളാണു വ്യാപകമായി നശിപ്പിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ പങ്കുകൃഷിയായി 400 ചുവട് കപ്പ നട്ടതാണ്. മൂപ്പെത്തുന്നതിനുമുമ്ബേ കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുകയാണവ. ഇപ്പോള്‍ത്തന്നെ പകുതിയിലേറെയും നശിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു.
0 Comments