കനത്തമഴയില്‍ കല്പറ്റ ടൗണില്‍ വെള്ളംകയറി

 കല്പറ്റ: കനത്തമഴയില്‍ കല്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. ഞായറാഴ്ച ഉച്ചകഴിഞ്ഞുതുടങ്ങിയ മഴ, മൂന്നുമണിക്കൂറിലധികം ഇടവേളയില്ലാതെ പെയ്തതോടെ ടൗണിലെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ബിവറേജസ് പരിസരത്ത് വെള്ളം കയറിയതോടെ പ്രധാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. കനറാ ബാങ്കിന് മുന്നിലും പെട്രോള്‍പമ്ബിലും നഗരസഭ കെട്ടിടത്തിനു പിന്നിലും പരിസരത്തെ കടകളിലും വെള്ളമെത്തി. മാനന്തവാടിയിലേക്കും ബത്തേരിയിലേക്കുമുള്ള വാഹനങ്ങളും കല്പറ്റയിലേക്കുള്ള വാഹനങ്ങളും വഴിയില്‍ കുടുങ്ങി. പള്ളിത്താഴെഭാഗത്ത് വീടുകളില്‍ വെള്ളംകയറി. റോഡിലൂടെ വെള്ളം ഒഴുകിയത് ഇവിടെയും ഗതഗതതടസ്സമുണ്ടാക്കി. ചുങ്കം ജങ്ഷനിലും കടകളുടെ സമീപത്തുവരെ വെള്ളമെത്തി. വൈകീട്ട് മഴ ശമിച്ചതോടെയാണ് വെള്ളമിറങ്ങിയത്.