ദുരന്തങ്ങളെ നേരിടാന്‍ പ്രാദേശിക ഭൂപടം; മാപ്പത്തോണ്‍ കേരള പദ്ധതിക്ക് തുടക്കം
ദുരന്തങ്ങളെ നേരിടാന്‍ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോണ്‍ കേരള പദ്ധതിക്ക് തുടക്കം. പാപ്പനംകോട് എന്‍ജിനിയറിങ് കോളേജില്‍ നടന്ന സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം കേരളയുടെ ഉദ്ഘാടനത്തിനൊപ്പം വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.
വിശദമായ ഭൂപടങ്ങളുടെ ആവശ്യം പ്രളയകാലത്ത് ബോധ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുവട്ടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനും പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യാനും ഇത് ആവശ്യമാണ്. പ്രളയജലത്തെ വേഗത്തില്‍ വഴിതിരിച്ചുവിടാവുന്ന മാര്‍ഗങ്ങള്‍, പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാവുന്ന വഴികള്‍, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താവുന്ന ബദല്‍മാര്‍ഗം എന്നിവ മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയണം. അതിന് ഇത്തരത്തിലുള്ള ഭൂപടം ആവശ്യമാണ്. പ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഭൂപടമുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പത്തിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയാണ് മാപ്പത്തോണ്‍ കേരള ഭൂപടം തയ്യാറാക്കുക. സംസ്ഥാന ഐടി മിഷനും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തകരും പദ്ധതിയില്‍ കൈകോര്‍ക്കും. തുടര്‍ഘട്ടങ്ങളില്‍ തങ്ങളുടെ പ്രദേശത്തെ വിശദവിവരങ്ങള്‍ ഭൂപടത്തിലേക്ക് ചേര്‍ക്കാന്‍ തയ്യാറുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം. ഒ രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രന്‍ സംസാരിച്ചു
0 Comments