നാലുവരിപ്പാത: പാനൂരില്‍ വ്യാപാരികള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു


പാനൂര്‍: നിര്‍ദിഷ്ട കുറ്റ്യാടി-മട്ടന്നൂര്‍ നാലുവരിപ്പാത പാനൂര്‍ ടൗണിനെ ഒഴിവാക്കി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി പാനൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ടൗണില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. പകരം പാനൂരിലൂടെ ബൈപാസ് റോഡ് നിര്‍മിക്കണമെന്നാണാവശ്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാനൂര്‍ ടൗണിനെ സംരക്ഷിക്കുക, വ്യാപാരികളെ കുടിയിറക്കുന്ന പദ്ധതി ഉപേക്ഷിക്കുക, കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികള്‍ ഉന്നയിച്ചു. പാനൂര്‍ ബസ്‌ സ്റ്റാന്‍ഡ്‌ മുതല്‍ ഗുരുസന്നിധിവരെ തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ കുടുംബാംഗങ്ങളും തൊഴിലാളികളും അണിചേര്‍ന്നു.

ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനംചെയ്തു. തുടര്‍ പ്രക്ഷോഭം സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീന്റെ സാന്നിധ്യത്തില്‍ 17-ന് ചേരുന്ന വ്യാപാരി കണ്‍വെന്‍ഷന്‍ തീരുമാനിക്കും. യൂണിറ്റ് പ്രസിഡന്റ് കെ.വി.അബ്ദുറഹ്‌മാന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.സി.വര്‍ഗീസ്, സുധാകരന്‍, എം.ബാബു, വൈ.എം.അസ്‌ലം എന്നിവര്‍ സംസാരിച്ചു. ഒ.ടി.അബ്ദുള്ള, ഐ.കെ.സുധീഷ് ബാബു, വി.കെ.മനീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. വ്യാപാരി വ്യവസായി സമിതി, എകോപനസമിതി ഹസ്സന്‍കോയ വിഭാഗം അംഗങ്ങളും ചങ്ങലയില്‍ പങ്കെടുത്തു.

വ്യാപാരി വ്യവസായി സമിതി യോഗത്തില്‍ കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു. പി.കെ.ബാബു, ഒ.സി.നവീന്‍ ചന്ദ്, പി.ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.