നാലുവരിപ്പാത; പേരാവൂർ ടൗൺ വഴി അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി

പേരാവൂർ: മാനന്തവാടി-മട്ടന്നൂർ നിർദ്ദിഷ്ട നാലുവരിപ്പാത പേരാവൂർ ടൗൺ ഒഴിവാക്കി യാഥാർഥ്യമാക്കണമെന്ന് പേരാവൂർ ടൗൺ ആക്ഷൻ കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.നൂറു കണക്കിനു വ്യാപാരികളെയുംതൊഴിലാളികളെയും ടൗണിനെ ആശ്രയിച്ച് കഴിയുന്ന ചുമട്ട്,ഓട്ടോ-ടാക്‌സി തൊഴിലാളികളെയും തൊഴിൽരഹിതരാക്കുന്ന നാലുവരിപ്പാത പേരാവൂർ ടൗൺ വഴി അനുവദിക്കില്ലെന്നും വ്യാപാരികളും തൊഴിലാളികളും സംയുക്തമായി ചേർന്ന യോഗം പ്രഖ്യാപിച്ചു.

നാലുവരിപ്പാത പേരാവൂർ ടൗൺ വഴി വന്നാൽ ചെവിടിക്കുന്ന് മുതൽ തെരു വരെയുള്ള 150 -ഓളം വ്യാപാരികളും അവരെ ആശ്രയിക്കുന്ന തൊഴിലാളികളും വഴിയാധാരമാകുമെന്ന് യോഗം ആശങ്കപ്പെട്ടു.ചെവിടിക്കുന്ന് മുതൽ പേരാവൂർ എം.പി.യു.പി.സ്‌കൂൾ വരെ റോഡിനിരുവശത്തുമുള്ള 90 ശതമാനംകെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതു വഴി പേരാവൂർ ടൗണിന്റെ മുക്കാൽ ഭാഗവും വിസ്മൃതിയിലാവുമെന്നും യോഗം വിലയിരുത്തി.

വ്യാപാരികളെ സംരക്ഷിക്കാനാവണം വ്യാപാര സംഘടനകളെന്നും, നഷ്ടപരിഹാരം വാങ്ങി നല്കി വ്യാപാരികളെ കുടിയൊഴിപ്പിക്കാനാവരുതെന്നും യോഗം മുന്നറിയിപ്പ് നല്കി.പേരാവൂർ ടൗൺ സംരക്ഷിക്കാൻ ചേർന്ന യോഗം ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു.

അൻപതംഗ ആക്ഷൻ കമ്മിറ്റിയുടെചെയർമാനായിവ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി.അബ്ദുള്ളയെയും കൺവീനറായി പി.ജി.പവിത്രനെയും യോഗം തിരഞ്ഞെടുത്തു. വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ പ്രസിഡന്റ് പി.വി.ദിനേശ് ബാബു,എം.വി.രമേശ്ബാബു എന്നിവരെ വൈസ്.ചെയർമാന്മാരായും കെ.പി.അബ്ദുൾ റഷീദിനെ ജോ.കൺവീനറായും വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻ കോയ) പേരാവൂർ യൂനിറ്റ് പ്രസിഡന്റ് കെ.ഹരിദാസിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.

യോഗത്തിൽ പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.പി.വി.ദിനേശ്ബാബു,എസ്.എം.കെ.മുഹമ്മദലി,സെബാസ്റ്റ്യൻ വർഗീസ്,സെബാസ്റ്റ്യൻ ഫ്രാൻസിസ്,കെ.ഗോപാലൻ,അരിപ്പയിൽ മജീദ്,കെ.ഹരിദാസ്,പി.ജി.പവിത്രൻ,കെ.പി.അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.
വ്യാപാരികളുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിനും പേരാവൂർ ടൗൺ സംരക്ഷണത്തിനുമായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റി വിപുലീകരിച്ച് ഭാവിപരിപാടികൾ ആവിഷ്‌ക്കരിച്ച് മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.