വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാരം വൈകുന്നു
കേളകം: വന്യമൃഗങ്ങൾ കൃഷി നാശം വരുത്തിയാൽ കർഷകർക്ക് വനംവകുപ്പിൽ നിന്നും ലഭ്യമാക്കുന്ന നഷ്ടപരിഹാരത്തുകയ്ക്ക് കാലതാമസം നേരിടുന്നു. കൊട്ടിയൂർ വനം വകുപ്പിനു കീഴിലുള്ള കാലങ്ങളായി നഷ്ടപരിഹാരത്തുക വിതരണം മുടങ്ങിയതായി കർഷകർ പരാതി പറയുന്നു.
രണ്ടുവർഷത്തിലേറെക്കാലം വന്യമൃഗങ്ങൾ ഉണ്ടാക്കിയ നഷ്ടം കർഷകർക്ക് ഇപ്പോഴും നഷ്ടമായി തുടരുന്നു.
കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി വാഴയടക്കമുള്ള കൃഷി നശിപ്പിക്കുന്ന മലയോര വനാതിർത്തി നാടുകളായ നരിക്കടവ്, പൂക്കുണ്ട്, അമ്പായത്തോട്, ഓടംതോട് തുടങ്ങിയ മേഖലയിലുള്ള കർഷകർക്കാണ് നഷ്ടപരിഹാരം വൈകുന്നത്. കാട്ടാനയാണ് ഇവിടങ്ങളിൽ പ്രധാനമായും കൃഷി നാശം വരുത്തുന്നത്. വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാനകൾ വ്യാപകമായ തോതിൽ തെങ്ങ്, വാഴ തുടങ്ങിയ വിളകൾ നശിപ്പിച്ചിരുന്നു. പ്രളയത്തിൽ തകർന്ന ആനമതിലിലെ വിടവിലൂടെ ജനവാസ മേഖലയിലെത്തി കൃഷി നാശം വരുത്തുന്നത് മാസങ്ങളോളം ഇവർക്ക് സഹിക്കേണ്ടി വന്നു. കാട്ടാന ഇറങ്ങി വ്യാപകമായ തോതിൽ നശിപ്പിച്ച വിളകൾക്കുള്ള നഷ്ടപരിഹാരം ഇവർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നഷ്ടപരിഹാരത്തിനായി പ്രതിഷേധ പരിപാടി നടത്തേണ്ടി വരുമോ എന്നാണ് കർഷകർ ചിന്തിക്കുന്നത്.
0 Comments