കൊട്ടാരം ലക്ഷംവീട് കോളനി: വീടുകളുടെ പുനർനിർമാണം അന്തിമഘട്ടത്തിൽ

പാനൂർ:നഗരസഭയിലെ കൊട്ടാരം ലക്ഷംവീട് കോളനിയിലെ വീടുകളുടെ പുനർനിർമാണം അന്തിമഘട്ടത്തിൽ. 26 വീടുകളാണ് പുതുക്കിപ്പണിയുന്നത്. മന്ത്രി കെ.കെ.ശൈലജയുടെ വികസന നിധിയിൽനിന്ന് അനുവദിച്ച 1.04 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം. നേരത്തെയുണ്ടായിരുന്ന വീടുകൾ മിക്കതും ഇരട്ടവീടുകളായിരുന്നു. നാലുസെന്റ് സ്ഥലമാണ് ഓരോ കുടുംബത്തിന്റെയും കൈവശമുണ്ടായിരുന്നത്. 2015 ലാണ് ഭൂമിക്ക് പട്ടയം കിട്ടിയത്. 69 ചതുരശ്ര മീറ്ററിൽ പണിയുന്ന വീടിന് നാലുലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

കിടപ്പുമുറി, അടുക്കള, ശൗചാലയമുൾപ്പെടെയുള്ള ടോയ്‌ലറ്റ് എന്നിവയാണ് സൗകര്യങ്ങൾ. വീടുപണി തുടങ്ങിയതോടെ ചിലർ രണ്ടുനില വീടിന് ആഗ്രഹംപ്രകടിപ്പിച്ചു. കൂടുതലായിവരുന്ന തുക കരാറുകാരന് നൽകാമെന്ന് ഉറപ്പു നൽകി. അതനുസരിച്ച് പണിയും തുടങ്ങി. എന്നാൽ നിശ്ചിതസമയത്ത് പണം കൊടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് നിർമാണപ്രവൃത്തി നീണ്ടു. ഉത്തരവാദപ്പെട്ടവരുടെ ഇടപെടലുകളെത്തുടർന്നാണ് പണി പുനരാരംഭിച്ചത്. ഇത്തരം വീടുകളുടെ കോണിപ്പടി പണിതതല്ലാതെ രണ്ടാംനിലയുടെ പണി തുടങ്ങിയിട്ടില്ല. കോണിപ്പടിയുടെ മുകളിൽ ആസ്ബസ്റ്റോസ് ഷീറ്റ് അടിച്ച നിലയിലാണുള്ളത്.

വാതിൽ, ജനാല എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതീകരണ ജോലി നടന്നുവരുന്നു. കോളനിയുടെ മധ്യത്തിലൂടെ റോഡ്. ശൗചാലയങ്ങളുടെ ടാങ്ക്, ചുറ്റുമതിൽ എന്നിവയുടെ നിർമാണവും തുടങ്ങിയിട്ടില്ല. എ.കെ.പ്രേമജം എം.പി.യുടെ വികസനനിധിയിൽനിന്ന് അനുവദിച്ച തുകകൊണ്ട് സ്ഥാപിച്ച ജലവിതരണ പദ്ധതി നവംബർ അവസാനവാരം ഉദ്ഘാടനംചെയ്തേക്കും.