കാട്ടുമൃഗങ്ങൾ ഇടവിളക്കൃഷി നശിപ്പിക്കുന്നു; കർഷകർ ദുരിതത്തിൽ


തേർത്തല്ലി:മൗവ്വത്താനി, കൂത്താട്, കൊട്ടക്കൊയിൽ പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം കൃഷിക്കാർക്ക് ദുരിതമായി. കൃഷിയിടങ്ങളിൽ വ്യാപകമായി കാട്ടുപന്നി, മുള്ളൻപന്നി, മരപ്പട്ടി തുടങ്ങിയവ കൃഷി നശിപ്പിക്കുന്നത് കർഷകരെ തകർച്ചയിലാക്കുന്നു. ചേന, ചേമ്പ്, കപ്പ, വാഴ തുടങ്ങിയ ഇടവിളക്കൃഷികളാണ് കൂടുതലായി നശിപ്പിക്കുന്നത്‌.
വിളവെടുക്കാൻ മാസങ്ങൾ മാത്രം കഴിഞ്ഞാൽ മതിയാകുന്ന കൃഷികൾ പൂർണമായും നശിപ്പിക്കുകയാണ്. മുകളിൽക്കയറി പറിക്കാൻ കഴിയാത്ത ഉയരമുള്ള തെങ്ങിന്റെ ചുവട്ടിൽ വീഴുന്ന തേങ്ങ മുള്ളൻപന്നിയും മരപ്പട്ടിയും പൊട്ടിച്ചുതിന്നുകയാണ്. കർഷകരെ വന്യമൃഗശല്യങ്ങളിൽനിന്ന്‌ രക്ഷിച്ച് കൃഷിചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന കർഷകരുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. വീട്ടുമുറ്റത്തുവരെ വന്ന് ഉപദ്രവിക്കുകയാണ്.

കുളത്താനിയിൽ ജോസഫ്, കൂട്ടുങ്കൽ ഫ്രാൻസിസ്, കൂട്ടുങ്കൽ പോൾ, മേനോനിക്കൽ മാത്തുക്കുട്ടി, മേനോനിക്കൽ സിൽവി, പള്ളിക്കുന്നേൽ ജോർജ് തുടങ്ങി നിരവധി കർഷകർക്കാണ് കനത്തനഷ്ടം ഉണ്ടായിട്ടുള്ളത്. വർഷങ്ങളായി കാടുതെളിക്കാതെകിടക്കുന്ന സ്വകാര്യ വ്യക്തികളുടെ കാടുകളിലാണ് പന്നി പെറ്റുപെരുകുന്നത്. കർഷകർക്ക് പണിചെയ്ത് ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.