മാവോവാദിഭീഷണി മേഖലകളിൽ പ്രത്യേക സുരക്ഷ
ഇരിട്ടി:അട്ടപ്പാടിയിൽ മാവോവാദികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് നാല് മാവോവാദികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ, മലയോരമേഖലയിലെ മാവോവാദി ഭീഷണിയുള്ള പോലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷ ശക്തമാക്കി. മേഖലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും അതിജാഗ്രത പുലർത്താൻ നിർദേശം നൽകി. മാവോവാദിസാന്നിധ്യമുള്ള മേഖലകളായ ആറളം, കരിക്കോട്ടക്കരി, ഉളിക്കൽ, കേളകം, പോലീസ് സ്റ്റേഷൻ പരിധികളിലാണ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയത്. കേരള-കർണാടക അതിർത്തി വനമേഖേല, ആറളം ഫാം എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണവും ശക്തമാക്കി. മേഖലയിലെ സർക്കാർ ഓഫീസുകൾക്ക് രാത്രി പ്രത്യേക സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയതായി ഇരിട്ടി എ.എസ്.പി. ആർ.ആനന്ദ് പറഞ്ഞു. പോലീസിന്റെ നക്സൽവിരുദ്ധസേനയായ തണ്ടർബോൾട്ട് കമാൻഡോകളെ പോലീസ് സ്റ്റേഷനുകളിൽ വിന്യസിച്ചിട്ടുണ്ട്. നിലവിലെ അഞ്ചുപേർക്കു പുറമെ ആവശ്യമെങ്കിൽ കൂടുതൽപ്പേരെ വിന്യസിക്കും. പോലീസ് സ്റ്റേഷനുകളിലെ അടച്ചിട്ട ഗേറ്റിനു പുറത്ത് പ്രത്യേക പരിശോധന നടത്തും. പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നവരെയും നിരീക്ഷിക്കും. മേഖലയിൽ ആയുധ ധാരികളായ തണ്ടർബോൾട്ടംഗങ്ങൾ രാത്രി പട്രോളിങ്ങും നടത്തും.
പോലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോവാദികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ പോലീസ് സ്റ്റേഷനുനേരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രത്യേക സുരക്ഷയൊരുക്കിയത്.
0 Comments