പെരിഞ്ചാംകൂട്ടി വനഭൂമിയില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസം ആരംഭിച്ചു


മുരിക്കാശേരി: ഇടുക്കി പെരിഞ്ചാംകൂട്ടി വനഭൂമിയില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസം ആരംഭിച്ചു. മുമ്പ് ഇവിടെനിന്നും കുടിയിറക്കിയ കുടുംബങ്ങളാണ്‌ നിലവില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചിരിക്കുന്നത്‌.
സര്‍ക്കാര്‍ ഉത്തരവും കോടതി വിധിയും ഉണ്ടായിരുന്നിട്ടും പുനരധിവാസത്തിന്‌ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ കുടില്‍കെട്ടി താമസം ആരംഭിച്ചിരിക്കുന്നത്‌.
രണ്ടായിരത്തി ഒമ്ബതില്‍ ആദിവാസി പുനരധിവാസ പദ്ധതിയില്‍ പെരിഞ്ചാംകൂട്ടിയില്‍ പുനരധിവസിപ്പിച്ച കുടുംബങ്ങളെ വനം, റവന്യൂ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ രണ്ടായിരത്തി പന്ത്രണ്ടില്‍ ഇവിടെനിന്നും കുടിയിറക്കി. ഇതോടെ ജീവിതം വഴിമുട്ടിയ ആദിവാസികള്‍ ഇടുക്കി കലക്‌ടറേറ്റ്‌ പടിക്കല്‍ സമരം ആരംഭിക്കുകയും ചെയ്‌തു.
കഴിഞ്ഞ ഏഴു വര്‍ഷമായി സമരം തുടര്‍ന്നു വരികയാണ്‌. ഇതിനിടയില്‍ രണ്ടായിരത്തി പതിനേഴില്‍ ആദിവാസികള്‍ കുടിയേറിയത്‌ റവന്യൂ ഭൂമിയാണെന്നു കണ്ടെത്തുകയും ചെയ്‌തു. ഇതിനുശേഷം ഇവരെ ഇവിടെ പുനരധിവസിപ്പിക്കുന്നതിന്‌ നടപി സ്വീകരിക്കാന്‍ ക്യാബിനറ്റ്‌ യോഗം ചേര്‍ന്ന്‌ ഉത്തരവിറക്കി. എന്നാല്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കാതെ വരികയും കിടപ്പാടവും കൃഷിയുമില്ലാതെ ജീവിതം വഴിമുട്ടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ ഇന്നു പുലര്‍ച്ചയോടെ വിവിധ വിഭാഗത്തില്‍പ്പെട്ട എഴുപതോളം വരുന്ന ആദിവാസി കുടുംബങ്ങള്‍ വനമേഖലയിലെത്തി കുടില്‍കെട്ടി താമസം ആരംഭിച്ചത്‌.
കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിരുന്നിട്ടും എന്താണ്‌ ഇവരുടെ പുനരധിവാസത്തിന്‌ കാലതാമസമെന്ന ചോദ്യത്തിന്‌ ജില്ലാ ഭരണകൂടത്തിന്‌ മറുപടിയില്ല. മരിക്കേണ്ടി വന്നാലും ഇവിടെനിന്നും ഇറങ്ങില്ലെന്ന തീരുമാനത്തിലാണ്‌ ആദിവാസി കുടുംബങ്ങള്‍.