കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി വരുന്നു, അധിക സ്വര്‍ണം വെളിപ്പെടുത്താം; പദ്ധതിയുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കാനും കണക്കില്‍പ്പെടാത്ത സ്വര്‍ണം സൂക്ഷിക്കുന്നവര്‍ക്ക് അക്കാര്യം സ്വയം വെളിപ്പെടുത്താനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് നികുതിയടച്ച്‌ നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. പദ്ധതി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം,കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കലല്ല, നിലവില്‍ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തലാണ് പദ്ധതിയുടെ ലക്ഷ്യമെന്ന്സ്വര്‍ണവിപണിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നുമുണ്ട്.
പദ്ധതി കാലാവധിക്കു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിനു മുകളില്‍ വന്‍തുക പിഴ ചുമത്തും. വിവാഹിതകളായ സ്ത്രീകളെ നിശ്ചിത അളവു വരെ സ്വര്‍ണം സൂക്ഷിക്കാന്‍ അനുവദിക്കും.പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്രധനകാര്യ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചിരിക്കുന്നത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിക്കുന്നവര്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയാകും.

സ്വര്‍ണത്തിന്റെ മൂല്യം സര്‍ക്കാര്‍ ഉടന്‍ കണക്കാക്കില്ല. മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ ആളിനെ നിയോഗിക്കും. വിവാഹിതകളായ സ്ത്രീകള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ പരിധിയില്‍ ഇളവു നല്‍കും. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

സ്വയംവെളിപ്പെടുത്താനുള്ള കാലാവധി അവസാനിച്ചതിനു ശേഷം കണ്ടുകെട്ടുന്ന സ്വര്‍ണത്തിന് വലിയപിഴ ഈടാക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതുവഴി സര്‍ക്കാരിന്റെ നികുതിവരുമാനം വര്‍ധിപ്പിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

സര്‍ക്കാര്‍ പ്രതിനിധികളും സ്വകാര്യ മേഖലയിലെ പ്രതിനിധികളും ഉള്‍പ്പെട്ട ഗോള്‍ഡ് ബോര്‍ഡ് രൂപവത്കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവിലെ സോവറീന്‍ ഗോള്‍ഡ് ബോണ്ട് പരിഷ്‌കരിക്കാനും ധാരണയായിട്ടുണ്ട്.