ദേശീയ ബാലാവകാശ കമ്മീഷന് വാളയാറില്‍; മുഖ്യമന്ത്രിയെ കാണാന്‍ കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത്;
ദേശീയ ബാലാവകാശ കമ്മീഷന് വാളയാറില്‍; മുഖ്യമന്ത്രിയെ കാണാന്‍ കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത്;
തലസ്ഥാനത്തേക്കുള്ള യാത്ര ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി
പാലക്കാട്: ദേശീയ ബാലാവകാശ കമ്മീഷന് ഇന്ന് വാളയാറിലെ മരണപ്പെട്ട പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും. കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തപുരത്താണ്. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തേക്ക് പോയത്. എന്നാല്‍ ദേശീയ ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ ഇന്ന് വീട് സന്ദര്‍ശിക്കാനിരിക്കെ മാതാപിതാക്കളെ വീട്ടില്‍ നിന്നും മാറ്റുന്നതിന്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രിയെ കാണാനായി സമയം അനുവദിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കമ്മീഷന് വീട്ടിലെത്തുന്പോള്‍ മാതാപിതാക്കളെ കാണാന്‍ കഴിയാത്തതിനാല്‍ സന്ദര്‍ശനം പ്രഹസനമായി മാറുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന 100 മണിക്കൂര്‍ സമരം നാല്‍പ്പത്തിയെട്ടാം മണിക്കൂറിലേക്ക് കടന്നു. കുറ്റപത്രത്തിലെ അട്ടിമറിയാണ് പ്രതികള്‍ രക്ഷപ്പെടുന്നതിന് ഇടയാക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രതികള്‍ക്കെതിരെയുള്ളത് വെറും ആരോപണം മാത്രമായി മാറിയ അവസ്ഥയാണ് കോടതിയില്‍ ഉണ്ടായത്.
ശാസ്ത്രീയമായ തെളിവുകള്‍ നിരത്തി കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാലാണ് കോടതി പ്രതികളെ വെറുതെ വിട്ടതെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. ഇളയകുട്ടിയുടെ മരണത്തിലെ കൊലപാതകസാധ്യതയും അവഗണിക്കുന്ന കുറ്റപത്രമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടും ആത്മഹത്യയാക്കി മാറ്റിയപ്പോഴും പീഡനകാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കാനും പോലീസ് തയ്യാറായില്ല. ഇങ്ങനെ അടിമുടി പിഴച്ച കുറ്റപത്രം പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ചതാണ് പ്രതികളുടെ രക്ഷപ്പെടലിന് വഴിവെച്ചതെന്ന് നാട്ടുകാരും നിയമവിദഗ്ധരും പറഞ്ഞു.
ഗൂഢാലോചനയുടെ ഭാഗമെന്ന് ആക്ഷന്‍ കമ്മിറ്റി പാലക്കാട്: വാളയാറിലെ മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തത്തേക്ക് കൂട്ടിക്കൊണ്ടുപോയതില്‍ ദുരൂഹതയെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം. ബാലമുരളി. ഇന്ന് ദേശീയ ബാലാവകാശ കമ്മീഷന് കുട്ടികളുടെ വീട് സന്ദര്‍ശിക്കാനിരിക്കെ ഇവരെ വീട്ടില്‍ നിന്നും മാറ്റിയതാണെന്ന് ബാലമുരളി പറഞ്ഞു. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറാണ് മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ബാലമുരളി പറഞ്ഞു. മാതാപിതാക്കളെ കാണാന്‍ കഴിയാതെ വരുന്നതോടെ കമ്മീഷന്റെ സന്ദര്‍ശനം പ്രഹസനമാകും. പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും നടക്കുന്നതിന്റെ ഭാഗമാണ് ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.


0 Comments