പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; അന്വേഷണസംഘം വിപുലീകരിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അന്വേഷണം വേഗത്തിലാക്കുന്നതിനും ഊര്‍ജിതമാക്കാനും വേണ്ടിയാണ് കുടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ആദ്യഘട്ട അന്വേഷണവും നാലുപേരുടെ അറസ്റ്റും തെളിവെടുപ്പുകളും പൂര്‍ത്തിയായ ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്ബോഴാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുന്നത്

വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റിലെ ഡിവൈഎസ്പി ശ്യാംകുമാര്‍, വിജിലന്‍സ് കിഴക്കന്‍ മേഖലാ ഓഫീസിലെ ഡിവൈഎസ്പി എം കെ മനോജ്, കോട്ടയം വിജിലന്‍സ് യൂണിറ്റ് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി ജോസഫ്, രാജന്‍ കെ അരമന, എന്നിവരാണ് പുതിയ അംഗങ്ങള്‍.
അതേസമയം അന്വേഷണ സംഘ തലവനായിരുന്ന ഡിവൈഎസ്പി അശോക് കുമാറിനെ തത്സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. കേസന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ നടപടിയെടുത്തത്.