ആരുണ്ട് പരിഹരിക്കാൻ: കേളകം ടൗണിൽ അഴിയാക്കുരുക്കിട്ട് വാഹനങ്ങളുടെ അനിയന്ത്രിത പാർക്കിംഗ്:

കേളകം:കേളകംടൗണില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് വാഹന ഗതാഗതത്തിന് തടസമാവുന്നു. ടൗണില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലമാണ് ഗതാഗത കുരുക്ക് നിത്യ സംഭവമായി മാറുന്നത്. വിളിപ്പാടകലെ കേളകം പോലീസ് സ്റ്റേഷനുണ്ടെങ്കിലും ടൗണിലെ ഗതാഗത കുരുക്കും, അനിയന്ത്രിത പാർക്കിംഗും തടയാൻ ഇടപെടാറുമില്ല..ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേളകം ടൗണില്‍ ഗതാഗത പരിഷ്‌കരണം നടത്തിയിരുന്നെങ്കിലും ഇതൊന്നും തന്നെ പിന്നീട്  പ്രാവർത്തികമായിരുന്നില്ല.ഇതു കൊണ്ട് തന്നെ  സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ടൗണിലെ റോഡരികില്‍ തോന്നിയത് പോലെ പാര്‍ക്ക് ചെയ്യുകയാണ് പതിവ്.പലരും മണിക്കൂറുകള്‍ കഴിഞ്ഞാണ് പാര്‍ക്ക് ചെയത വാഹനം ഇവിടെ നിന്നും മാറ്റുന്നത്.ഇതും വാഹന ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കേളകം അടക്കാത്തോട് റോഡ് ,കേളകം വെള്ളൂന്നി റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായും ഗതാഗത കുരുക്ക് ഉണ്ടാവുന്നത്.കേളകം ടൗണിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇല്ല എന്നതും വാഹന ഉടമകളെ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്.