ഇരിട്ടി പുതിയ പാലത്തിന്റെ രണ്ടാം സ്പാൻ വാർപ്പിനുള്ള പ്രവർത്തികൾ ആരംഭിച്ചു
ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ രണ്ടാം സ്പാൻ വാർപ്പ് സമയബന്ധിതമായി നടത്തുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചു. ഡിസംബറിൽ തന്നെ രണ്ടാം സ്പാനിന്റെ വാർപ്പ് പ്രവർത്തി പൂർത്തീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു മുന്നോടിയായി കെ എസ് ടി പി യുടെ റോഡ് നിർമ്മാണ കൺസൾട്ടൻസി ടീം ലീഡർ എം. കെ. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.
പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ പുഴയിൽ നിക്ഷേപിച്ച ആയിരക്കണക്കിന് ലോഡ് മണ്ണ് ഒഴുകി പോയത് വൻ വിവാദവും പ്രതിഷേധവും ഉയർത്തിയിരുന്നു. ഇനി പുഴയിൽ പാലം നിർമ്മാണത്തിനായി മണ്ണ് നിക്ഷേപിക്കുന്നത് തടയുമെന്ന് ചില പരിതസ്ഥിതി സംഘടനകൾ അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ പുഴയിൽ മണ്ണിടാതെത്തന്നെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇനിയുള്ള ഭാഗങ്ങൾ പൂർത്തിയാക്കാനാണ് കരാറുകാരുടെ തീരുമാനം. ഇതിനായി വലിയ ക്രെയിനുകളും ജാക്കികളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിക്കും.
ഇരിട്ടി ടൗൺ ഭാഗത്ത് ഇപ്പോൾ പൂർത്തിയായ സ്‌പാനിന്റെ തുടർച്ചയായായി പുഴ മദ്ധ്യത്തിലുള്ള സ്‌പാനിന്റെ പ്രവർത്തിയാണ് അടുത്തതായി നടത്തുക. അതിനുശേഷം അവസാനമായാണ് പായം പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന സ്‌പാനിന്റെ പ്രവർത്തി നടക്കുക. ഇപ്പോൾ പൂർത്തിയതിയായ സ്‌പാനിന്റെ പ്രവർത്തികളിൽ കൺസൾട്ടൻസി സംഘം സംതൃപ്തി രേഖപ്പെടുത്തി .
48 മീറ്ററിന്റെ മൂന്ന് സ്ഥാനുകളാണ് ഇരിട്ടി പുതിയ പാലത്തിന് ഉണ്ടാവുക. ഡിസംബറിൽ രണ്ടാമത്തെ സ്പാനും, ഏപ്രിൽ മൂന്നാമത്തെ സ്പാനും വാർപ്പ് നടത്തി മെയ് മാസത്തോടെ ഗതാഗതം സാധ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത് . ആദ്യ സ്പാനിന്റെ എൻട്രൻസ് പൊളിച്ച് ഇതുതന്നെയാണ് അടുത്ത സ്‌പാനിന്റെ ഗർഡറായി ഉപയോഗിക്കുന്നത് . 40 ദിവസം സമയമാണ് എൻട്രൻസ് പൊളിച്ചുമാറ്റി രണ്ടാം സ്പാനിന്റെ വാർപ്പിനായി പ്രവർത്തിക്കായി സ്ഥാപിക്കുന്നതിന് സമയം ചോദിച്ചിരിക്കുന്നതെങ്കിലും 30 ദിവസം കൊണ്ട് തന്നെ പ്രവർത്തി പൂർത്തിയാക്കണം എന്നാണ് കൺസൾട്ടൻസി സംഘം നിർദ്ദേശിച്ചിരിക്കുന്നത് .
നഗരത്തിൽ ഇപ്പോൾ നടത്തിവരുന്ന നവീകരണ പ്രവർത്തികളുടെ ഭാഗമായ റോഡ് ടാറിങ് നവംബർ 30നുള്ളിൽ പൂർത്തീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഓവുചാൽ പ്രവർത്തി ഏതാണ്ട് പൂർത്തിയായി ക്കഴിഞ്ഞു. നടപ്പാത നിർമാണവും ആരംഭിച്ചിട്ടുണ്ട് .ഉന്നത കൺസൾട്ടൻസി അസിസ്റ്റ്ന്റ് എൻജിനീയർ പി. എൻ. ശശികുമാർ ,ബ്രിഡ്ജസ് എൻജിനീയർ കെ. കെ. രാജേഷ് , കരാർ ഗ്രൂപ്പ് പ്രതിനിധികൾ എന്നിവർ സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
0 Comments