കണിച്ചാർ ജീസസ് ശിശുഭവനിലെ മൂത്ത മകൾക്ക്  ഇന്ന് മനസമ്മതം

കണിച്ചാർ : കണിച്ചാർ ജീസസ് ശിശുഭവനിലെ മൂത്ത മകളുടെ  മനസമ്മതം ഇന്ന്. ആഘോഷമാക്കാൻ നാട്ടുകാരും അഭ്യുതേകാംക്ഷികളും. സിസ്റ്റമ്മയുടെ മൂത്ത മകൾ കാവ്യയുടെ മനസമ്മതമാണ് ഇന്ന് കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ നടക്കുന്നത്. തുടർന്ന് നടക്കുന്ന പെതു ചടങ്ങ് ജില്ലാ കളക്ടർ ടി.വി.സുഭാഷ് ഉദ്ഘാഘാടനം ചെയ്യും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വെള്ളര്‍വള്ളി സ്വദേശി കപ്പലുമാക്കല്‍ സോണിയാണ് കാവ്യക്ക് മിന്നു ചാര്‍ത്തുന്നത്.ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട കർണാടക  വിരാജ്‌പേട്ട സ്വദേശി കാവ്യ തന്റെ 11ാമത്തെ വയസ്സിലാണ്  ശിശുഭവനില്‍ എത്തുന്നത്. ബന്ധുവെന്ന് പറയാന്‍ ആകെയുണ്ടായിരുന്ന വല്യമ്മയും  രണ്ടു മാസം മുന്‍പ് മരണമടഞ്ഞതോടെ കാവ്യ തീര്‍ത്തും അനാഥയായി. ജീസസ് ശിശുഭവനിലെ ജീവനാഡിയായ സിസ്റ്റര്‍ വിമലയുടെ കരുതലിലാണ് കാവ്യ വളര്‍ന്നത്. കാവ്യയെ കൂടാതെ പതിനാലോളം പെണ്‍കുട്ടികളാണ് സിസ്റ്ററുടെ സംരക്ഷണയില്‍ ഇവിടെ കഴിയുന്നത്. അനാഥത്വത്തിന്റെ നൊമ്പരങ്ങള്‍ അനുഭവിച്ച ഈ കുരുന്നു ബാല്യങ്ങള്‍ക്ക് സുമനസ്സുകളായ ഒരുപാടുപേരിന്ന് രക്ഷിതാക്കളായിട്ടുണ്ട്. തന്റെ സംരക്ഷണയില്‍ വളര്‍ന്ന കുട്ടിയെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കുക എന്നതായിരുന്നു സിസ്റ്ററുടെ ഏറ്റവും വലിയ ആഗ്രഹം. ഈ സമയത്തു തന്നെയാണ് സോണിയുടെ വിവാഹാലോചന ജീസസ് ശിശുഭവനില്‍ എത്തുന്നത്. സോണിയുടെ ബന്ധുക്കളായിരുന്നു ആലോചനയുമായി എത്തിയത്. അനാഥ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന സോണിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍  അനാഥ മന്ദിരങ്ങളില്‍ ഒരുപാട് തിരഞ്ഞെങ്കിലും വിവാഹ പ്രായമുള്ള പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ അവസാന പരിശ്രമം എന്ന നിലയിലാണ് ജീസസ് ഭവനില്‍ അന്വേഷണവുമായി എത്തിയത്. തുടര്‍ന്ന് നിയമനടപടികളെല്ലാം പാലിച്ച ശേഷമാണ് വിവാഹം തീരുമാനിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സിസ്റ്റര്‍ വിമല പറഞ്ഞു
നാനാജാതി മതസ്ഥരുടെയും പിന്തുണയും കരുതലും ഒന്നുകൊണ്ടുമാത്രമാണ്  സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു.  ജീസസ്  ശിശുഭവനില്‍ നടക്കുന്ന ആദ്യ വിവാഹം കെങ്കേമമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സിസ്റ്ററും കുട്ടികളും.