മാഹി-വളപട്ടണം ജലപാത: മികച്ച നഷ്ടപരിഹാര പാക്കേജ് ലഭ്യമാക്കും
കോവളം-കാസര്‍ക്കോട് ജലപാത പദ്ധതിയുടെ ഭാഗമായുള്ള മാഹി-വളപട്ടണം ജലപാതയ്ക്കായി വീടും സ്ഥലവും നഷ്ടമാവുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാര പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. ജലപാതയുടെ ഭാഗമായി കൃത്രിമ കനാല്‍ കടന്നുപോവുന്ന കണ്ണൂര്‍ കോര്‍പറേഷനിന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട് നഷ്ടമാവുന്നവര്‍ക്ക് അതിന്റെ കാലപ്പഴക്കം പരിഗണിക്കാതെയുള്ള വിപണി വിലയും പകരം വീടുവയ്ക്കാനാവശ്യമായ 10 സെന്റ് സൗജന്യ ഭൂമിയും ലഭ്യമാക്കും. വീട് പൊളിച്ച് ഉപയോഗയോഗ്യമായ സാധനങ്ങള്‍ ഉടമയ്ക്ക് ഉപയോഗിക്കാനും അവസരം നല്‍കും. പുതിയ വീട് നിര്‍മിക്കുന്നതു വരെയുള്ള കാലയളവില്‍ താമസിക്കുന്നതിനുള്ള വീട്ടുവാടകയും നല്‍കും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ വിലയും പാക്കേജിന്റെ ഭാഗമായി ലഭ്യമാക്കും.
ജലപാതയുടെ ഭാഗമായി മൂന്ന് ഭാഗങ്ങളിലായി 25 കിലോമീറ്റര്‍ നീളത്തിലാണ് കൃത്രിമ കനാലുകള്‍ നിര്‍മിക്കുന്നത്. മാഹി പുഴ മുതല്‍ എരഞ്ഞോളി പുഴ വരെ 9.2 കിലോമീറ്റര്‍ കനാലാണ് ആദ്യഭാഗത്തില്‍ നിര്‍മിക്കുക. ഇതിനായി 93 വീടുകള്‍ ഉള്‍പ്പെടെ 164 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. എരഞ്ഞോളി പുഴ മുതല്‍ ധര്‍മടം പുഴ വരെയുള്ള രണ്ടാം ഭാഗത്തില്‍ 850 മീറ്ററിലാണ് കനാല്‍ നിര്‍മിക്കുക. 20 വീടുകള്‍ ഉള്‍പ്പെടെ 15 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കുക. അഞ്ചരക്കണ്ടി പുഴ മുതല്‍ വളപട്ടണം പുഴ വരെയുള്ള മൂന്നാം ഭാഗത്തില്‍ 15 കിലോമീറ്ററിലാണ് കനാല്‍ നിര്‍മാണം. 245 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കുക. 124 വീടുകളെ കനാല്‍ നിര്‍മാണം ബാധിക്കും.
ആദ്യ കനാല്‍ കടന്നുപോവുന്ന തൃപ്പങ്ങോട്ടൂര്‍, പെരിങ്ങളം, പാനൂര്‍, മൊകേരി, പന്ന്യന്നൂര്‍ വില്ലേജുകളിലെയും മൂന്നാം കനാല്‍ കടന്നുപോവുന്ന മുഴപ്പിലങ്ങാട്, കടമ്പൂര്‍, ചെമ്പിലോട്, എടക്കാട്, ചേലോറ, വലിയന്നൂര്‍ വില്ലേജുകളിലെയും ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി. തലശ്ശേരി വില്ലേജിലൂടെ കടന്നുപോവുന്ന രണ്ടാം കനാലുമായി ബന്ധപ്പെട്ട പഠനം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക യോഗങ്ങളും സംഘടിപ്പിക്കും.
കനാല്‍ വഴി ഉപ്പുവെള്ളം കയറുമെന്നും കിണറുകളിലെ വെള്ളം കുറയുമെന്നുമുള്ള ജനങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഉപ്പുവെള്ളം കയറുന്നത് തടയാന്‍ കനാലിന്റെ ഇരുഭാഗങ്ങളിലും ഷട്ടറുകള്‍ സ്ഥാപിക്കും. ഭൂവിതാനത്തിന് സമാന്തരമായി കനാലില്‍ വെള്ളം നില്‍ക്കുന്നതിനാല്‍ കിണറുകളിലെ വെള്ളം കൂടാനാണ് സാധ്യത. ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവളം മുതല്‍ വടകര വരെയുള്ള 610 കിലോമീറ്റര്‍ ജലപാതയുടെ ഭാഗമായുള്ള കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയായതായിക്കഴിഞ്ഞു. വടകര മുതല്‍ മാഹി വരെയുള്ള ഭാഗത്ത് നിര്‍മാണം പുരോഗമിക്കുകയാണ്. ഈ ഭാഗത്ത് ആകെയുള്ള 18 കിലോമീറ്ററില്‍ 10 കലോമീറ്ററിന്റ നിര്‍മാണം പൂര്‍ത്തിയായി. കനാലിന്റെ ഇരുവശങ്ങളിലുമുള്ളവരെ സിആര്‍സെഡ് നിയമം ബാധിക്കുമെന്ന ആശങ്ക വേണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
40 മീറ്റര്‍ വീതിയില്‍ കനാലും 10 മീറ്റര്‍ വീതം വീതിയില്‍ കനാലിന്റെ ഇരുവശവും സമാന്തര റോഡുകളുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുക. നിലവില്‍ റോഡുകള്‍ കടന്നുപോവുന്ന പ്രദേശങ്ങളിലെല്ലാം പാലങ്ങളും നടപ്പാതകളുള്ള ഇടങ്ങളില്‍ നടപ്പാലങ്ങളും നിര്‍മിക്കും.
ജലപാതയിലൂടെയുള്ള ചരക്കു നീക്കം സാധ്യമാവുന്നതോടെ റോഡ് ഗതാഗതം സുഗമമാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 500 ടണ്‍ വരെ കയറ്റിയ ബോട്ടുകള്‍ക്ക് ഇതുവഴി സഞ്ചരിക്കാം. ജലപാത യാഥാര്‍ഥ്യമാവുന്നതോടെ കനാലുകള്‍ കടന്നുപോവുന്ന പ്രദേശങ്ങളുടെ വിനോദസഞ്ചാര സാധ്യതയും വര്‍ധിക്കും. പ്രദേശവാസികള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം ഇതിലൂടെ കണ്ടെത്താനാവുമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ഇന്‍ലാന്റ് നാവിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നന്ദനന്‍, സിയാല്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments