നൂറുമേനികൊയ്ത് ആറളം ഫാമിൽ ആദിവാസി കൂട്ടായ്മ
ഇരിട്ടി: ആറളം ഫാമിൽ കരനെൽ കൃഷിയിൽ നൂറുമേനി കൊയ്ത് ആദിവാസി കൂട്ടായ്മ് . ആറളം ഫാമിൽ തരിശായിക്കിടന്ന 150 ഏക്കർ സ്ഥലത്താണ് ആദിവാസികൾ നെൽകൃഷി ഇറക്കിയത്. ഇവിടെ നടന്ന വിളവെടുപ്പ് ഉത്സവം ആദിവാസി കൂട്ടായ്മയുടെ വിജയ പ്രതീകവുമായി.
ഫാമിലെ ബ്ലോക്ക് 55-ലെ നൂറോളം വരുന്ന ആദിവാസികള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വിളയിച്ച നെല്ലിന്റെ വിളവെടുപ്പ് ഉത്സവം നടത്തിയത്. ആറളം ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ വിത്തും വളവും തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂലിയും നല്‍കിയാണ് നെല്‍കൃഷി നടത്തിയത്. കാടുമൂടികിടന്ന പ്രദേശം വിവിധ സംഘങ്ങളായി കാട് വെട്ടിത്തെളിച്ചാണ് കൃഷിയിറക്കിയത്. കാട്ടാനയുടേയും കാട്ടു പന്നിയുടേയും ശല്യം രൂക്ഷമായ പ്രദേശത്ത് രാത്രിയിൽ പോലും ഉറക്കമൊഴിച്ച് ഇരുന്നാണ് ആദിവാസികള്‍ വിള സംരക്ഷിച്ചത്. ആറളം കൃഷി അസിസ്റ്റന്റ് കെ.സുമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് വിജയത്തിലെത്തിയത്. കഴിഞ്ഞ മാസം കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറും പാടശേഖരം സന്ദര്‍ശിച്ചിരുന്നു. അടുത്ത വര്‍ഷം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സഹായം മന്ത്രി വാഗ്ദാനം നല്‍കിയിരുന്നു.
ഫാമില്‍ സ്വന്തമായി വീടൊ സ്ഥലമോ ഇല്ലാത്ത കുടുംബങ്ങളെ സംഘടിപ്പിച്ചാണ് കൃഷിയിറക്കിയത്. ചതിരൂര്‍ 110 കോളനിയില്‍ നിന്നും ബ്ലോക്ക് 55-ല്‍ കൈയേറി കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങളെയാണ് വിവിധ സംഘങ്ങളാക്കി കൃഷിയിലേക്ക് ഇറക്കിയത്. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് അവരുടെ കൃഷിയിടത്തില്‍ തന്നെ ഭൂമി നല്‍കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സണ്ണി ജോസഫ് എം എല്‍ എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .വേലായുധന്‍ ,ജില്ലാ പഞ്ചായത്ത് അംഗം മാര്‍ക്കറ്റ് ജോസ് ,ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ തോമസ്, ആറളം കൃഷി ഓഫീസര്‍ ടി. ഒ .സ്മിത, കൃഷി അസിസ്റ്റന്റ് കെ. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ റഹിയാനത്ത് സുബി, ജോഷി പാലമറ്റം ത്രേസ്യാമ്മ കൊങ്ങോല, പി. കെ. കരുണാകരന്‍ , ഊരുമൂപ്പന്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments