പ്രധാനമന്ത്രിക്ക് കത്തയച്ചവരെ രാജ്യദ്രോഹികളാക്കുന്നത് എതിര്‍ ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാന്‍: ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: ജയ്ശ്രീരാം മുഴക്കാത്തതിന്റെ പേരില്‍ നടക്കുന്ന കൊലവിളിക്കെതിരെ ആശങ്ക അറിയിച്ച് കത്തയച്ച രാജ്യത്തെ 49 പ്രഗത്ഭ വ്യക്തിത്വങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്ത നടപടി സംഘ്പരിവാറിന്റെ വംശീയ ഉന്‍മൂലന ശ്രമത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളേയും എതിര്‍ ശബ്ദങ്ങളേയും ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. തങ്ങളുടെ സമഗ്രാധിപത്യത്തിനും അരുംകൊലകള്‍ക്കും എതിരെ ആരും ശബ്ദിക്കരുത്, അതിന് തുനിയുന്നവര്‍ രാജ്യദ്രോഹികള്‍ ആകുമെന്നും ജയിലില്‍ അടക്കപ്പെടുമെന്നുമുള്ള ഭീഷണിയും മുന്നറിയിപ്പുമാണ് ഇപ്പോള്‍ സംഘ്പരിവാറില്‍നിന്ന് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിക്ക് കത്തയക്കാനുള്ള അവകാശം പോലും പൗരസമൂഹത്തിനില്ല എന്ന് ഇതിലൂടെ സ്ഥാപിക്കപ്പെടുകയാണ്.
അടൂര്‍ ഗോപാലകൃഷ്ണനും മണിരത്നവും അപര്‍ണ സെന്നും രാമചന്ദ്ര ഗുഹയുമടക്കമുള്ള ഇന്ത്യയിലെ പ്രതിഭകള്‍ക്കെതിരെയാണ് ഭരണകൂടത്തിന്റെ ഭയപ്പെടുത്തല്‍. രാജ്യത്തെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കണം. പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ ഉണ്ടാവണം. സംഘ്രാഷ്ട്ര നിര്‍മിതിക്കായി ധ്രുതഗതിയിലുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. പി ചിദംബരം, ഡി.കെ ശിവകുമാര്‍ അടക്കമുള്ള പ്രതിപക്ഷത്തെ ഉന്നത നേതാക്കളെ ജയിലിലടച്ചിരിക്കുകയാണ്. ന്യായാധിപന്മാരെ പോലും ഭീഷണിപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. സ്വതന്ത്ര പത്രപ്രവര്‍ത്തനം സാധ്യമല്ലാതായിരിക്കുന്നു. ഭീതിയുടെ ഫാസിസ്റ്റ് ഇരുമ്പുമറ സൃഷ്ടിച്ച് പൗരസ്വാതന്ത്ര്യം തടയാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
0 Comments