വയനാട് - മൈസൂര്‍ ദേശീയപാത അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഏഴാം ദിവസത്തിലേയ്ക്ക്


സുൽത്താൻ ബത്തേരി: ദേശീയപാത 766 ല്‍ പൂര്‍ണ്ണമായും യാത്രാ നിരോധനം കൊണ്ട് വരാനുള്ള നീക്കത്തിനെതിരെ വയനാട്ടില്‍ സമരം ശക്തമാകുന്നു. ബത്തേരിയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. അഞ്ച് യുവജന സംഘടനകളില്‍ നിന്നായി ഒരേ സമയം അഞ്ച് പേരാണ് നിരാഹാരം ഇരിക്കുന്നത്. ഒപ്പം ഇവര്‍ക്ക് പിന്തുണ നല്‍കി മറ്റ് സന്നദ്ധ സംഘനകളുടെ പ്രതിനിധികളും നിരാഹാരം ഇരിക്കുന്നുണ്ട്.

പത്ത് വര്‍ഷമായി രാത്രി യാത്ര നിരോധനം തുടരുന്ന വയനാട് കൊല്ലഗല്‍ ദേശീയ പാതയില്‍ പകല്‍ സമയത്തും നിയന്ത്രണം കൊണ്ട് വരാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം തേടിയിരിക്കുകയാണ്. കാര്യക്ഷമമായ ബദല്‍ മാര്‍ഗമില്ലാതെ നിരോധനം നിലവില്‍ വന്നാല്‍ വയനാട് തീര്‍ത്തും ഒറ്റപ്പെടും. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ സമരം ശക്തമാവുന്നത്.

അഞ്ച് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരം ഏഴാം ദിവസവും ശക്തമായി തുടരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാലുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.