കല്പറ്റ: കൂടത്തായി മാതൃകയില്‍ വയനാട്ടിലും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മുട്ടില്‍ കല്ലുംകോറി ചൂരപ്പാറ യൂസഫി (44) ന്റെ മൃതദേഹമാണ് കബറടക്കിയതിന്റെ ഇരുപത്തിയൊന്നാമത്തെദിവസം മുട്ടില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍നിന്നും പുറത്തെടുത്തത്. ജോലിസ്ഥലത്തുവെച്ച്‌ കുഴഞ്ഞു വീണുമരിച്ച മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.

മുട്ടില്‍ ടൗണിലെ കടയില്‍ ജീവനക്കാരനായിരുന്നു സംസാരശേഷിയില്ലാത്ത യൂസഫ്. സെപ്റ്റംബര്‍ 27-ന് വൈകുന്നേരമാണ് യൂസഫ് കടയില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് മുട്ടിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട‌ുപോകുന്ന വഴിയായിരുന്നു മരണം. അന്നുതന്നെ കബറടക്കി. തുടര്‍ന്ന് യൂസഫിന്റെ മാതാവ് ആമിന മകന്റെ തലയില്‍ മുറിവുണ്ടായിരുന്നെന്നും പോലീസില്‍ അറിയിക്കാതെ മൃതദേഹം അടക്കം ചെയ്യാന്‍ ശ്രമിച്ചുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച്‌ കല്പറ്റ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂസഫിന്റെ മൃതദേഹം പുറത്തെടുത്തത്.

രാവിലെ ഒമ്ബതുമണിയോടെ കല്പറ്റ സി.ഐ. അബ്ദുള്‍കരീം, ഡിവൈ.എസ്.പി. ടി.പി. ജേക്കബ്ബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് മുട്ടില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള പ്രാരംഭനടപടികള്‍ തുടങ്ങി. 10 മണിയോടെ മൃതദേഹം പുറത്തെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പള്ളി ശ്മശാനത്തില്‍വെച്ചുതന്നെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. രണ്ടുമണിക്കൂര്‍ സമയമെടുത്താണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. വൈത്തിരി തഹസില്‍ദാര്‍ ടി.പി. അബ്ദുള്‍ഹാരിസിന്റെ സാന്നിധ്യത്തിലായിരുന്നു പോസ്‌റ്റുമോര്‍ട്ടം. തുടര്‍ന്ന് മൃതദേഹം വീണ്ടും ഖബര്‍സ്ഥാനില്‍ അടക്കി. മൂന്നുമണിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഫൊറന്‍സിക്‌, സയന്റിഫിക്‌ വിദഗ്‌ധര്‍ വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. യൂസഫ് ജോലിചെയ്തിരുന്ന കടയിലും പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധിച്ചു. യൂസഫിന്റെ മൃതദേഹം പുറത്തെടുക്കുമ്ബോഴും നിരവധി ആളുകള്‍ കബര്‍സ്ഥാനിന്റെ പരിസരത്തേക്ക് എത്തിയിരുന്നു. യൂസഫിന്റെ സഹോദരങ്ങളും ബന്ധുക്കളും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി

മൃതദേഹത്തില്‍നിന്നെടുത്ത സാമ്ബിളുകള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. അന്വേഷണം തുടരും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും.