തിരുവനന്തപുരം
രാജ്യത്തിന്‌ ചുവപ്പിന്റെ വെളിച്ചം പകര്‍ന്ന്‌ ചരിത്രത്തില്‍ തിളക്കമാര്‍ന്ന പോരാട്ട അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ രൂപീകരണ വാര്‍ഷികാഘോഷത്തിന്‌ സംസ്ഥാനത്ത്‌ ആവേശകരമായ തുടക്കം. 1920 ഒക്ടോബര്‍ 17ന്‌ താഷ്‌കെന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി രൂപീകൃതമായതിന്റെ നൂറാം വാര്‍ഷികമാണ്‌ ഒരു വര്‍ഷംനീളുന്ന പരിപാടികളോടെ സംസ്ഥാനത്ത്‌ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ആഘോഷിക്കുന്നത്‌.

വ്യാഴാഴ്‌ച സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തില്‍പരം ബ്രാഞ്ചുകേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. നഗര ഗ്രാമ വ്യത്യാസമില്ലാതെ പാര്‍ടി അംഗങ്ങളും അനുഭാവികളും ചേര്‍ന്ന്‌ പ്രഭാതഭേരി മുഴക്കിയാണ്‌ പതാക ഉയര്‍ത്തിയത്‌. എ കെ ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ പങ്കെടുത്തു.

സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ്‌ അങ്കണത്തില്‍ രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‌ൃഷ്‌ണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ പൊതുയോഗവും ചേര്‍ന്നു. എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണന്‍ സംസാരിച്ചു.

വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലകളില്‍ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ആദ്യ പരിപാടിയായി 20ന്‌ സി എച്ച്‌ കണാരന്‍ ദിനത്തില്‍ തലശേരിയില്‍ സെമിനാറും പൊതുസമ്മേളനവും നടക്കും. മറ്റു ജില്ലകളില്‍ ഒരു വര്‍ഷത്തിനിടയില്‍ വിവിധ പരിപാടികള്‍ ഉണ്ടാകും.