കുന്ദംകുളം: നിയമം ആദിത്യനോട് ചെയ്തത് അവൻ ആ കുഞ്ഞിക്കിളിയോട് ചെയ്തില്ല. ജപ്തിക്കാർ വന്ന് പടിയിറക്കി വിടുമ്പോഴും അവൻ ഇടതു കൈയ്യാൽ അവന്റെ സ്നേഹം കൊണ്ട് ആ കുഞ്ഞിക്കിളിയേയും ഉള്ളംകൈയ്യിൽ ജപ്തി ചെയ്തിരുന്നു.
കുന്ദംകുളം തൃശ്ശൂർ റോഡരികിൽ മധുരഞ്ചേരി ബിന്നിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ചാവക്കാട് കോടതിയുടെ ഉത്തരവ് നടപ്പാക്കുമ്പോഴാണ് കാഴ്ചക്കാരുടെ കണ്ണുകൾക്കും ജപ്തി നടപടികൾക്കെത്തിയ ഉദ്യോഗസ്ഥർക്കും ആദിത്യന്റെ വിലാപം നൊമ്പരമായത്.
ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥരെത്തിയപ്പോൾ കരയുന്ന ആദിത്യൻ
ഞങ്ങളെ രക്ഷിക്കണമേ എന്ന് ജനലിൽക്കൂടി അലറിക്കരഞ്ഞെങ്കിലും കാഴ്ചക്കാരും നിസഹായരായിരുന്നു' അച്ഛൻ ബിന്നിയും അമ്മ സിലിയും സ്ഥലത്തുണ്ടായിരുന്നില്ല. കതകുകൾ എല്ലാം അകത്തുനിന്ന് പൂട്ടി മണ്ണെണ്ണ ഒഴിച്ച് കുട്ടികൾ പ്രതിരോധം തീർത്തുവെങ്കിലും ഫയർഫോഴ്സ് ഉൾപ്പെടെ സംഘാംഗങ്ങൾ കതക് പൊളിച്ച് അകത്തു കടന്നതോടെ കുട്ടികൾ കൂട്ട നിലവിളിയായി. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ച് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു.
ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥരെത്തിയപ്പോൾ കുഞ്ഞിക്കിളിയേയും കയ്യിൽ പിടിച്ച് അലറിക്കരയുന്ന ആദിത്യൻ
ബിന്നിയുടെയും കുടുംബത്തിന്റെയും 15 വർഷത്തിലേറെ നീണ്ട നിയമ പോരാട്ടമാണ് ഇന്നലെ അവസാനിച്ചത്. 2004ൽ ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ മറ്റൊരാളുടെ സഹായം തേടി.പത്ത് ലക്ഷം രൂപാനൽകി മുക്ത്യാർ ഒപ്പിട്ടു വാങ്ങിയ സഹായി ഈ സ്ഥലം അൻപത് ലക്ഷം രൂപയ്ക്ക് മറ്റൊരിടത്ത് പണയപ്പെടുത്തി. അതോടെ അൻപത് ലക്ഷം തിരിച്ചടക്കക്കേണ്ടുന്ന ഉത്തരവാദിത്വം ബിന്നിയുടേതായി. അതോടെ ബാങ്ക് സ്ഥലം ലേലത്തിനു വെയ്ക്കുകയും എറണാകുളം സ്വദേശി സ്ഥലം സ്വന്തമാക്കുകയുമായിരുന്നു.

0 Comments